തൃശുർ: മന്ത്രിസഭയൊന്നാകെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന നവകേരള സദസ്സ് വൻവിജയമായെന്നും അത് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കിയെന്നും ബിജെപി പോലും വിലയിരുത്തി .കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റേതാണ് ഈ അഭിപ്രായം .
നവകേരള സദസ്സിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധം ദുര്‍ബലമായിരുന്നു. അത് വേണ്ടത്ര ഫലം കണ്ടില്ലന്നും യോഗത്തില്‍ പലരും പങ്കുവച്ചു .
തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ ബിജെപി വിജയിക്കുമെന്നുള്ള ഉറപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാൻ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹൻ അഗര്‍വാള്‍ എംപി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം തയ്യാറായില്ല.
ഏത് വിഷയം മുൻനിര്‍ത്തി പ്രചാരണം നടത്തുമെന്ന ആശങ്കയാണ് സംസ്ഥാന ഘടകം മുന്നോട്ടു വച്ചത്. പ്രത്യേകിച്ച് മണിപ്പുര്‍ വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ അത് തിരിച്ചടിക്കാനും സാധ്യതയുണ്ടെന്ന് പലരും സൂചന നല്കി. ഇക്കാര്യം ദേശീയ നേതൃത്വത്തെ ധരിപ്പിക്കുമെന്ന് രാധാമോഹൻ അഗര്‍വാള്‍ യോഗത്തിലറിയിച്ചു.
മാര്‍ച്ച് 12ന് അമിത്ഷാ തൃശൂരില്‍ വന്നപ്പോള്‍ 20 ഇന കര്‍മ പരിപാടി പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്നുപോലും നടപ്പാക്കാൻ സംസ്ഥാനഘടകത്തിന് കഴിഞ്ഞില്ല. ജനുവരി മൂന്നിന് പ്രധാനമന്ത്രി മോദി തൃശൂരില്‍ എത്താനിരിക്കെ അതിന്റെ പ്രചാരണത്തിലും സംസ്ഥാന ഘടകം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.
തൃശൂര്‍ പൂരം വിഷയത്തില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടി. അതിനാല്‍ പൂരം വിഷയം ഏറ്റെടുത്ത് സമരം കൂടുതല്‍ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. ഇനി കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ല. തീരുമാനങ്ങളെല്ലാം ദേശീയ നേതൃത്വം എടുക്കും. അത് നടപ്പാക്കുക മാത്രമാകും കേരളത്തിലെ നേതൃത്വത്തിന്റെ ചുമതല.
ബിജെപി.ക്കുള്ള വലിയ വെല്ലുവിളി ബിജെപി.യിലുള്ളവര്‍ തന്നെയാണെന്ന് കേന്ദ്ര നേതൃത്വം പറയുന്നു.
താഴേക്കിടയിലുള്ള പ്രവര്‍ത്തനം ശക്തമല്ലാത്തതാണ് പ്രശ്നം . പടലപ്പിണക്കത്തിനും ഗ്രൂപ്പിസത്തിനുമെതിരേയുള്ള കേന്ദ്രനേതൃത്വത്തിന്റെ പരോക്ഷ താക്കീത് നല്കിയിട്ടാണ് രാധാമോഹൻ അഗര്‍വാള്‍ പോയത് .
മോദി കേരളത്തില്‍ എത്തുമ്പോള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ ദേശീയ നേതൃത്വം തീരുമാനിക്കും. ഇതിനുള്ള സര്‍വ്വേ ദേശീയ നേതൃത്വം അതീവ രഹസ്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകും .
സുരേഷ് പരാജയപ്പെട്ടാല്‍ അതിന് കാരണം കേരളത്തിലെ ബിജെപി നേതൃത്വം ആയിരിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി എന്താണെന്ന ചോദ്യം ദേശീയ നേതൃയോഗത്തില്‍ നരേന്ദ്ര മോദി ചോദിച്ചതായി പറഞ്ഞുകൊണ്ടായിരുന്നു രാധാമോഹൻ അഗര്‍വാള്‍ ചര്‍ച്ച തുടങ്ങിയത് തന്നേ .
ശക്തമായ ഇരു മുന്നണികളുടെയും സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെ ശക്തി, പബ്ലിക് റിലേഷൻ ഇല്ലാത്തത് തുടങ്ങി നിരവധി കാരണങ്ങളാണ് പലരും പങ്കുവച്ചത് . ബിജെപി.യുടെ കേരളത്തിലെ പ്രധാന ലക്ഷ്യം തൃശ്ശൂര്‍ ആണെന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി.
നാലോ അഞ്ചോ സീറ്റുകളില്‍ക്കൂടുതല്‍ പ്രാധാന്യം നല്കുന്നതില് ഒന്നാമത് തൃശ്ശൂരാണ് . മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ സാധിക്കുമെങ്കില്‍ ഇവിടെയും സാധിക്കുമെന്നും രാധാമോഹൻ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.