കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരേ എം ടി വാസുദേവൻ നായര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍.
കണ്ണൂരിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച കൊണ്ടാണ് പത്മനാഭൻ രംഗത്തുവന്നത്. ദുശ്ശാസനന്റെ കഥപറഞ്ഞ് ചിലതൊക്കെ ആവര്‍ത്തിക്കപ്പെടും എന്ന് ടി പത്മനാഭൻ വിമര്‍ശിച്ചു. മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ കുറിപ്പിലാണ് ടി പത്മനാഭന്റെ വിമര്‍ശനം.
നിലത്തുവീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ തലമുടിയില്‍ ബൂട്ടിട്ട് ചവിട്ടുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര അതിക്രമമാണെന്നാണ് ടി പത്മാനാഭൻ വിമര്‍ശിക്കുന്നത്
.ഇതേക്കുറിച്ച് ടി പത്മനാഭൻ വിമര്‍ശിച്ചത് ഇങ്ങനെ:
'യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ ഒരു ദുരന്തമുണ്ടായി. റിയാ നാരായണൻ എന്ന ഒരു പ്രതിഷേധക്കാരിയെ വനിതാപൊലീസ് നിലത്ത് തള്ളിയിട്ടതിനുശേഷം അവരുടെ തലമുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഒന്നിലധികം പൊലീസുകാര്‍ എല്ലാശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിക്കുന്നു;
അവരുടെ വസ്ത്രങ്ങള്‍ കീറുന്നു, അവര്‍ നിലവിളിക്കുന്നു. ഈരംഗം കണ്ടപ്പോള്‍ ഞാൻ ഓര്‍ത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്. രജസ്വലയും നിരാലംബയുമായ പാഞ്ചാലിയെ ദുശ്ശാസനൻ വലിച്ചിഴച്ച് രാജസഭയിലേക്ക് കൊണ്ടുവരുന്നു, അവരുടെ വസ്ത്രം കീറുന്നു, വലിച്ചിഴയ്ക്കുന്നു. ആരും സഹായത്തിനെത്തുന്നില്ല. അന്ന് അപമാനിതയായ പാഞ്ചാലി ഒരു ശപഥം ചെയ്യുകയുണ്ടായി.
കൗരവരുടെ നാശത്തിനുശേഷമേ എന്റെ അഴിഞ്ഞ ഈ മുടി ഞാൻ കെട്ടുകയുള്ളൂ. പിന്നീടുണ്ടായത് എന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ആരെയും വിമര്‍ശിക്കാനല്ല ഞാനിതെഴുതുന്നത്.-
വനിതാ കമ്മിഷൻ ചെയര്‍പേഴ്സണേയോ പൊലീസിന്റെ തലപ്പത്തുള്ളവരെയോ ഒന്നും. ഒരുകാര്യംകൂടി പറഞ്ഞ് ഈ ചെറിയ കുറിപ്പവസാനിപ്പിക്കാം -ചരിത്രത്തിന് ഒരു സ്വഭാവമുണ്ട്, അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടും. അത് മറക്കാതിരുന്നാല്‍ നന്ന്'.
മുഖ്യമന്ത്രി പങ്കെടുത്ത വേദിയില്‍ എം ടി നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിനുഗ പൊലീസിനുമെതിരേ മറ്റൊരു സാഹിത്യകാരൻ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
ഭരണകര്‍ത്താക്കളുടെ അധികാര ദുഷിപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു എം ടിയുടെ പ്രസംഗം. ഇത് പിണറായി വിജയനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് വലിയൊരു വിഭാഗം പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മറ്റു ചിലരും അഭിപ്രായപ്പെടുന്നത്. പക്ഷേ പ്രസംഗം കേട്ട പലര്‍ക്കും എം ടി വിമര്‍ശിച്ചത് പിണറായി വിജയനെ ആണെന്നാണ് തോന്നിയത്.
പിണറായിയുടെ ഭരണത്തെക്കുറിച്ചു കൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്ന് പ്രൊ. എം കെ സാനു പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ കരുതുന്നത്. എന്നാല്‍, ആരെയാണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയാൻ എം ടിക്ക് മാത്രമേ സാധിക്കൂ. പൊതുവില്‍ രാജ്യത്ത് കാണുന്ന സ്വേച്ഛാധിപത്യ പ്രവണതയെ കുറിച്ച് കൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീരാരാധന എല്ലാ സമൂഹത്തിലും പ്രശ്നമാണെ്, അങ്ങനെയാണ് ഹിറ്റ്ലര്‍ പോലും ഉണ്ടായതെന്ന് സക്കറിയ പ്രതികരിച്ചു. ''എം ടി അദ്ദേഹത്തിന് പറയാനുള്ള ഒരു വിഷയം പറഞ്ഞു. പ്രസക്തമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപൂജക്കെതിരെ താനും എഴുതിയിട്ടുണ്ട്.
കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏതു പൗരനും ആരേയും വിമര്‍ശിക്കാം. എന്നാല്‍, ഇവിടെ ആരും അത് ചെയ്യുന്നില്ല, വീരാരാധനകളില്‍ പെട്ടുകിടക്കുന്ന ഒരു മണ്ടൻ സമൂഹമാണ് നമ്മുടേത്'', അദ്ദേഹം പറഞ്ഞു.
എം ടി വാസുദേവൻ നായര്‍ വിമര്‍ശിച്ചത് സിപിഎമ്മിനേയും സര്‍ക്കാരിനേയുമാണെന്ന് എൻ എസ് മാധവൻ പറഞ്ഞു. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമര്‍ശനം ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. എം ടി പറഞ്ഞത് ഇ എം എസിന്റെ ഉദാഹരണമാണ്.
ഇ എം എസിന്റെ അജണ്ട അപൂര്‍ണമാണ്. ഒരു ആള്‍ക്കൂട്ടത്തെ സമൂഹമാക്കുന്നതില്‍ ഇ എം എസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശേധന നടത്തിക്കാൻ എം ടിയുടെ വിമര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസന്നിഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമര്‍ശിച്ചത്. ഇതിനെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ ട്വിസ്റ്റും ഒന്നുമില്ലാതെ സ്വീകരിക്കണം'', അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.