ന്യൂഡല്‍ഹി: അതിശൈത്യത്തെ പ്രതിരോധിക്കാന്‍ മുറിക്കുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് തീകാഞ്ഞതിനേത്തുടർന്ന് ഉണ്ടായ അപകടങ്ങളിൽ ആറ് പേർ ശ്വാസംമുട്ടി മരിച്ചു.
ചൂടുലഭിക്കുന്നതിനായി ഒരുക്കിയ കനലില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ട് വ്യത്യസ്തസംഭവങ്ങളിലായി ആറ് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ശനിയാഴ്ച രാത്രിയാണ് രണ്ടിടങ്ങളിലും കല്‍ക്കരിയുപയോഗിച്ച് കനലൊരുക്കുന്ന 'അംഗീഠി'യില്‍ നിന്നുള്ള പുകയെത്തുടര്‍ന്ന് അപകടമുണ്ടായത്.
അലിപ്പുരിന് സമീപമുള്ള ഖേര കലന്‍ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ടാങ്കര്‍ ഡ്രൈവറായ രാകേഷ് സിങ് (40), ഭാര്യ ലളിത സിങ് (38), അവരുടെ ഒമ്പതും ഏഴും വയസുള്ള രണ്ട് ആണ്മക്കള് പിയൂഷ് സിങ്, സണ്ണി സിങ് എന്നിവരാണ് മരിച്ചത്.
അപകടത്തേക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടർന്ന് പോലീസ് ജനാലച്ചില്ല് പൊട്ടിച്ചാണ് മുറിക്കുള്ളില്‍ കടന്ന് കുടുംബത്തിലെ നാലുപേരേയും പുറത്തെത്തിച്ചത്.
ഇവരെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിച്ചതായി ഡോക്ടര്‍ അറിയിച്ചതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ ശ്വാസംമുട്ടിയുള്ള മരണമാണെന്നാണ് നിഗമനമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമഡല്‍ഹിയിലെ ഇന്ദര്‍പുരിയിലാണ് സമാനമായ രീതിയില്‍ രണ്ടുപേര്‍ മരിച്ചത്. 57 കാരനായ റാം ബഹാദൂര്‍, 22 കാരനായ അഭിഷേക് എന്നിവരാണ് താമസസ്ഥലത്ത് മരിച്ചത്.
നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ ഡല്‍ഹിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. അഭിഷേക് വീട്ടുജോലിക്കാരനായിരുന്നു. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡെപൂട്ടി കമ്മിഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ചുവെച്ച് ഉറങ്ങിയതിനേത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ പേര് മരിച്ചിരുന്നു.
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശെത്യംമൂലം ജനജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്.
ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ രാത്രിനേരത്തെ താപനില 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.