എറണാകുളം :പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായതിന് തുടർന്ന് ജീവിതം അവസാനിപ്പിച്ച ഭിന്നശേഷിക്കാരനായ വയോധികൻ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫിന്റെ (വി പാപ്പച്ചൻ- 77 വയസ്) വിയോഗം സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അശ്രദ്ധ തന്നെയാണ്.
നാമെല്ലാം കൂട്ടുത്തരവാദികളാണ്.കേരളത്തിലെ വയോജനങ്ങൾക്കുള്ള സുരക്ഷ അതീവ ദയനീയമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.ഈ സഹോദരൻ മരിച്ചു കഴിഞ്ഞു നടത്തുന്ന സമരങ്ങളിൽ എന്ത് പ്രയോജനം? ഇദ്ദേഹത്തിന്റെ മക്കളുടെ ജീവിതമെങ്കിലും സുരക്ഷിതമാക്കാൻ നാം പരിശ്രമിക്കണം.രാഷ്ട്രീയക്കാർ മുതലെടുപ്പ് നടത്തുന്നതിൽ നിന്നും പിന്മാറണം.
കെടുതികൾ അനുഭവിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളുടെ അരക്ഷിതാവസ്ഥ ഇതിൽ നിന്നും കൂടുതൽ വ്യക്തമാകുകയാണ്.പരസഹായമില്ലാതെ, ഏകാന്തത ബാധിച്ച ഒരു വലിയ പറ്റം ആളുകൾ കേരളത്തിൽ ഉണ്ടെന്നുള്ളത് നമുക്ക് അധികം സന്തോഷിക്കാൻ വക നൽകുന്നില്ല. സാമൂഹികമായി മലയാളി സഹജീവിസ്നേഹത്തിൽ മഹാമനസ്കത പുലർത്തുന്നില്ല എന്നതിന് ഇതിൽപ്പരം തെളിവുകൾ വേണോ?
തനിക്കും കിടപ്പു രോഗിയായ മകൾക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.സർക്കാരും,ബന്ധപ്പെട്ട സംവിധാനങ്ങളും ഇക്കാര്യത്തിൽ തികഞ്ഞ ഉദാസീനത കാണിച്ചു. നിരവധി പേരോട് കടം വാങ്ങിയാണ് അദ്ദേഹം ഓരോ ദിവസവും ജീവിതം തള്ളി നീക്കിയിരുന്നത്.
നമ്മുടെ പരിഷ്‌കൃത സമൂഹത്തിന് ഏറെ അപമാനമാണ് ഇത്തരം സംഭവങ്ങൾ. അഞ്ചുമാസമായി ലഭിക്കാത്ത പെൻഷൻ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷമാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്.
വയോധികർക്കും,ഭിന്നശേഷിക്കാർക്കും നമ്മുടെ സമൂഹത്തിൽ എത്രമാത്രം സുരക്ഷയില്ലായ്‌മ അനുഭവപ്പടുന്നുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.പരസ്യമായി സർക്കാർ അധികൃതരെയും സമൂഹത്തെയും അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നത് നമ്മുടെ സമൂഹത്തിന്റെ തന്നെ പരാജയമാണ്. സ്വന്തമായുള്ള ഭൂമിയുടെ പട്ടയത്തിന് വേണ്ടി വർഷങ്ങളായി ജോസഫ് അലയുകയായിരുന്നു.
പലരിൽ നിന്നും പണം കടം വാങ്ങിയതിന്‍റെ ബാധ്യത വേറെയുമുണ്ട്.ഈ നിസ്സഹായനായ മനുഷ്യന്റെ മരണം സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണുകൾ തുറപ്പിക്കുമോ? ജീവിതം കരുപ്പിടിപ്പിക്കാൻ നിവേദനവുമായി നിൽക്കുന്ന നിസ്സഹായനായ ഈ മനുഷ്യന്റെ മുഖം കേരളീയരുടെ ഹൃദയങ്ങളെ കുറച്ചു നാളെങ്കിലും പൊള്ളിക്കുമെന്ന് തീർച്ചയാണ്.
വളയത്ത് ജോസഫ് ചേട്ടന് ആദരാഞ്ജലികൾ പ്രാർത്ഥനാപൂർവ്വം ...
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.