തൃശൂര്‍: സ്ത്രീധനം-ലഹരി വ്യാപനം- കുട്ടികള്‍ക്കെതിരായ അതിക്രമം; സാമൂഹിക തിന്മകള്ക്കെതിരേ സ്ത്രീ മുന്നേറ്റം എന്ന തലക്കെട്ടില്‍ 2024 ഫെബ്രുവരി 01 മുതല്‍ 29 വരെ സംസ്ഥാന തലത്തില്‍ കാംപയിന് നടത്തുമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാംപയിന്റെ ഭാഗമായി സെമിനാര്‍, ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം, പൊതുസമ്മേളനം, ടേബിള്‍ ടോക്, സ്ട്രീറ്റ് വാള്, പകല്‍ നാളം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും.അഞ്ച് വര്‍ഷം കൊണ്ട് കേരളം സ്ത്രീധന മുക്തമാക്കുമെന്നാണ് 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് നടപ്പിലായില്ലെന്നു മാത്രമല്ല എല്ലാ ദിവസവും സ്ത്രീധന പീഢനം, ആത്മഹത്യ തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ടാണ് മലയാളി ഉണരുന്നത്.
കേരളത്തില്‍ 15 വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ ജീവന് നഷ്ടമായത് 260 സ്ത്രീകള്‍ക്കാണ്. സ്ത്രീധന പീഡനക്കേസുകള്‍ പ്രതിവര്‍ഷം അയ്യായിരം കടക്കുന്നു.
സമാനമായ രീതിയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുകയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 22,344 കേസ്. അതില്‍ തന്നെ പോക്സോ നിയമം സെക്ഷന്‍ നാലും ആറും പ്രകാരമുള്ള അതിക്രൂരകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 7005 കേസുകളാണ്.
2019ല്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 4754 കേസുകളാണ്. അതില്‍ 1262 എണ്ണം ലൈംഗികാതിക്രമ കേസുകളാണ്. 2020ല്‍ 1243 പോക്സോ കേസുകളുള്‍പ്പെടെ 3941 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്.
ലഹരിയുടെയും മയക്കുമരുന്നിന്റെയും ഹബ്ബായി കേരളം മാറുകയാണോ എന്ന ആശങ്ക രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്. 2023 ല്‍ മാത്രം എക്സൈസ് പിടിച്ചെടുത്തത് 7.894 കിലോഗ്രാം എംഡിഎംഎയും 6.794 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ്.
1.679 കിലോഗ്രാം എംഡിഎംഎയും 1.729 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ് എറണാകുളത്തു നിന്ന് മാത്രം പിടിച്ചെടുത്തത്. സംസ്ഥാനത്ത് 3027.44 കിലോഗ്രാം കഞ്ചാവാണ് എന്‍ഫോഴ്സ്മെന്റ് പരിശോധനയില്‍ പിടികൂടിയത്.
24,235 പേരാണ് കേസില്‍ അറസ്റ്റിലായത്. കോളജ് കാംപസുകള്‍, ഹോസ്റ്റലുകള്‍, മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍ എന്നിവയെല്ലാം ഇന്ന് ലഹരി വിപണന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
ഇടതു സര്‍ക്കാരിന്റെ ഉദാര സമീപനം മദ്യവിപണിയില്‍ വലിയ ഉത്തേജനമായി മാറുകയാണ്. വിശേഷ ദിനങ്ങളും ആഘോഷ വേളകളും മദ്യസല്‍ക്കാര മേളകളും വിപണികളുമാക്കി മാറ്റുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ പ്രധാന വില്ലന്‍ ലഹരിയാണ്.സാമൂഹിക തിന്മകളുടെ ദുരന്തം പേറുന്നത് ഏറെയും സ്ത്രീകളാണ്. സ്വസ്ഥമായ ജീവിതവും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുന്ന ഇത്തരംസാമൂഹിക തിന്മകള്ക്കെതിരായ പോരാട്ടം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിയുന്നതായും സുനിത നിസാര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സമിതിയംഗം ബാബിയ ശരീഫ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് റഫീന സൈനുദ്ദീന്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.