ആലപ്പുഴ : അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചാരണത്തിന്റെ ഭാഗമായ ‘ടൂർ ഡി കേരള’ സൈക്ലത്തോൺ നാളെ ആലപ്പുഴയിൽ പര്യടനം നടത്തും.
രാവിലെ ചേർത്തലയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം ആലപ്പുഴ, അമ്പലപ്പുഴ, ചെങ്ങന്നൂർ വഴി പന്തളത്ത് സമാപിക്കും. ജില്ലയിലൂടെ 85 കിലോമീറ്ററോളം ദൂരം സൈക്ലത്തോൺ സഞ്ചരിക്കും. വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങും.കായിക മേഖലയിലെ സാധ്യതകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനും കേരളത്തെ ഒരു മികച്ച കായിക ശക്തിയാക്കാനും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായാണ് ‘ടൂർ ഡി കേരള’ സൈക്ലത്തോൺ ആരംഭിച്ചത്. കാസർകോട് നിന്നും 12ന് ആരംഭിച്ച ടൂർ ഡി കേരള സൈക്ലത്തോൺ കാസർകോട്, കണ്ണൂർ,
വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത്. പര്യടനം 22 ന് വൈകിട്ട് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സമാപിക്കും.
ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോൻ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഉച്ചകോടിയുടെ സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ 13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകൾ നടക്കും. സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും,
ഗ്രാസ്റൂട്ട്സ് ഡെവലപ്മെന്റ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെൻ്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.