തിരുവനന്തപുരം: തെരുവു നായയുടെ കടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച എൻജിനിയറിങ് വിദ്യാർഥിക്കും കടിയേറ്റു. ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ പുതിയതടത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി ആലംകോട് വഞ്ചിയൂർ മേവർക്കൽ തീർത്ഥം വീട്ടിൽ പവിത്ര (13), നഗരൂർ രാജധാനി എൻജിനിയറിങ് കോളേജ് വിദ്യാർഥി ആലംകോട് മണ്ണൂർഭാഗം ശ്രീശൈലം വീട്ടിൽ അഭിഷേക് (21) എന്നിവർക്കാണ് കടിയേറ്റത്.ഇരുവരെയും വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പവിത്രയുടെ മുഖത്ത് സാരമായി മുറിവേറ്റിട്ടുണ്ട്. കൈകാലുകളിലും കടിയേറ്റു.
ശനിയാഴ്ച സ്‌കൂളിൽപ്പോയി മടങ്ങുമ്പോഴാണ് പവിത്രയെ തെരുവുനായ കടിച്ചത്. പവിത്രയും ചേച്ചി തീർത്ഥയും ഒരുമിച്ചാണ് ബസിറങ്ങി വീട്ടിലേക്ക് നടന്നത്. എതിരേ നായ ഓടിവരുന്നത് കണ്ട് തീർത്ഥ വേഗം റോഡിന്റെ മറുവശത്തേയ്ക്ക് പോയി.
എന്നാൽ റോഡിലൂടെ ബൈക്ക് വരുന്നത് കണ്ടതിനാൽ പവിത്രയ്ക്ക് തീർത്ഥയ്‌ക്കൊപ്പം മറുവശത്തേയ്ക്ക് പോകാനായില്ല.ഇതിനിടയിൽ നായ ഓടിയെത്തി പവിത്രയുടെ കാലിൽ പിടികൂടി. കുട്ടി നിലത്തു വീണപ്പോൾ മുഖത്തും കഴുത്തിലുമെല്ലാം കടിക്കുകയായിരുന്നു.
ഈ സമയം കോളേജിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ പോയ അഭിഷേക്, പവിത്രയെ തെരുവുനായ നിലത്തിട്ട് കടിക്കുന്നത് കണ്ടു. കുട്ടിയെ രക്ഷിക്കാനായി ബൈക്ക് നിർത്തി നായയെ നേരിട്ടു. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ വിട്ട നായ അഭിഷേകിനെ കടിച്ചു.
പവിത്രയുടെ മുഖത്തും ചെവിക്ക് പിന്നിലും സാരമായി മുറിവുള്ളതിനാൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്ന് രക്ഷിതാവ് പറഞ്ഞു. ഇതിനായി തൊട്ടടുത്ത ദിവസം കുട്ടിയെ ശസ്ത്രക്രിയാവിഭാഗത്തിൽ പ്രവേശിപ്പിക്കും.
ആലംകോട് വഞ്ചിയൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വിവിധസ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന നായ്ക്കളെ രാത്രികാലങ്ങളിൽ പ്രദേശത്ത് കൊണ്ട് തുറന്നുവിടുന്നതായും പരാതിയുണ്ട്.
ഇത്തരം നായ്ക്കളാണ് ആക്രമണകാരികളായി മാറുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാനായി കർശന ഇടപെടലുണ്ടാകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.