തൃശ്ശൂര്‍: കേരളത്തില്‍ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തിയത്.
പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്. മഹിളാസമ്മേളനത്തിന് മുന്നോടിയായി റോഡ് ഷോയും നടത്തുന്നുണ്ട്.കുട്ടനെല്ലൂര്‍ ഗവ. കോളേജിന്റെ ഹെലിപ്പാഡില്‍ ഇറങ്ങിയ മോദി തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരംവരെ വാഹനത്തിലാകും എത്തുക. തുടര്‍ന്ന് ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. നായ്ക്കനാല്‍വരെ ഒരു കിലോമീറ്ററോളംദൂരത്തിലാകും റോഡ് ഷോ.
തേക്കിന്‍കാട് മൈതാനത്തെ നായ്ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മൂന്നരയോടെ പ്രധാനമന്ത്രി എത്തും.
കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. റോഡ്ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും.
ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക.
മഹിളാ സമ്മേളനവേദിയില്‍ 42 പേര് ഉണ്ടാകും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമന്, മിന്നുമണി, ബീനാ കണ്ണന് തുടങ്ങി എട്ടു പ്രമുഖ വനിതകള്‍ വേദിയിലുണ്ടാകും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കള്‍ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരിക്കും.
സദസ്സിന്റെ മുന്‍നിരയില്‍ ക്ഷണിക്കപ്പെട്ട വനിതകളാണ് സ്ഥാനംപിടിക്കുക. വിവിധ മേഖലകളില്‍ മികവുതെളിയിച്ച, പാര്‍ട്ടിവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകള്‍ക്കാണ് ക്ഷണമുള്ളത്. ഇതിനു പിന്നിലാണ് വനിതാപ്രവര്‍ത്തകര്‍ക്കുള്ള സീറ്റ്.
ഇതിനും പിന്നില്‍ റൗണ്ടിലായിരിക്കും പുരുഷന്മാര്ക്കുള്ള സ്ഥലം.പരിപാടി നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലെയും റോഡ്ഷോ നടത്തുന്ന തൃശ്ശൂര്‍ റൗണ്ടിലെയും സുരക്ഷ എസ്.പി.ജി. നേരത്തെ തന്നെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
പ്രധാന സ്ഥലങ്ങളില്‍ തോക്കേന്തിയ സുരക്ഷാഭടന്മാര് നിലയുറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വഴികളിലെ പെട്ടിക്കട മുതല്‍ ബാങ്കുകള്‍വരെ കടകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.