ലണ്ടൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി.പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ജെറാൾഡ് നെറ്റോയുടെ കുടുംബം ആരോപിച്ചു. ജെറാൾഡ് നെറ്റോയുടെ മരണം പോലും നീതിക്ക് യോഗ്യമല്ല എന്ന തോന്നലുണ്ടാക്കിയതായി നെറ്റോയുടെ കുടുംബം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ നെറ്റോ യാതൊരു പ്രകോപനവും സൃഷടിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്നും ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു.
നെറ്റോയുടെ മകൾ ജെന്നിഫർ, പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ്. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിന്‍റെ നിബന്ധനകൾ ലംഘിച്ചിരുന്നു.
ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്.ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെന്നിഫർ ആരോപിച്ചു.
പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്.
അയാളെ (നെറ്റോയെ) ഉപദ്രവിക്കാനോ കൊല്ലാനോ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, അയാൾ മരിച്ചതിൽ ഞാൻ ഖേദിക്കുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.