ന്യൂഡൽഹി: ഒന്നാം മോദിസർക്കാർ 2014-ൽ അധികാരമേറിയതിനുപിന്നാലെ സംസ്ഥാനഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചെന്ന റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണറിപ്പോർട്ട് വിവാദത്തിൽ.
സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി ധനകാര്യകമ്മിഷനുമായി പിൻവാതിൽ ചർച്ചനടത്തിയെന്ന് നിതി ആയോഗ് സി.ഇ.ഒ.യും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ജോയിന്റ് സെക്രട്ടറിയുമായ ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റിപ്പോർട്ടേഴ്സ് കളക്ടീവ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്.നിതി ആയോഗ് പ്രധാനമന്ത്രിയുടെ ആവശ്യത്തോട് വിയോജിച്ചതോടെ മോദിസർക്കാരിന് ആദ്യബജറ്റ് 48 മണിക്കൂറിനകം പുനഃക്രമീകരിക്കേണ്ടി വന്നു.
കേന്ദ്രനികുതിവിഹിതങ്ങൾ നിലനിർത്താനായി വിവിധ ക്ഷേമപരിപാടികൾക്കുള്ള ഫണ്ടിങ് കേന്ദ്രത്തിന് വെട്ടിക്കുറയ്ക്കേണ്ടിവന്നു. സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം സംബന്ധിച്ച നിതി ആയോഗിന്റെ ശുപാർശകളെ സ്വാഗതം ചെയ്യുന്നുവെന്ന പാർലമെന്റിനകത്തെ മോദിയുടെ അവകാശവാദം വ്യാജമായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിങ്ങിനെക്കുറിച്ച് കഴിഞ്ഞവർഷം സംഘടിപ്പിച്ച സെമിനാറിലായിരുന്നു ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ തുറന്നുപറച്ചിൽ. സംസ്ഥാനങ്ങളുടെ വിഭവചൂഷണത്തിന് പ്രധാനമന്ത്രിയടക്കം ശ്രമിച്ചിരുന്നുവെന്ന് ഒരു ഉന്നതോദ്യോഗസ്ഥൻ പരസ്യമായി തുറന്നടിക്കുന്നത് ആദ്യമാണ്.
വിഹിതത്തിന്റെ ശുപാർശകളിൽ മാറ്റങ്ങൾ വരുത്താൻ രഹസ്യമായും അനൗദ്യോഗികമായും ചെയർമാനുമായി സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളിൽ ഉൾപ്പെട്ടിരുന്ന മറ്റൊരാൾ താനാണെന്ന് സുബ്രഹ്മണ്യം വെളിപ്പെടുത്തി.
ഡോ. റെഡ്ഡിയും താനും പ്രധാനമന്ത്രിയും തമ്മിൽമാത്രമാണ് ത്രികക്ഷിചർച്ച നടന്നത്. രണ്ടുമണിക്കൂറോളം സംഭാഷണം നീങ്ങിയെങ്കിലും റെഡ്ഡി വഴങ്ങിയില്ല. ഒടുവിൽ 42 ശതമാനം എന്ന നിതി ആയോഗ് ശുപാർശ സർക്കാരിന് അംഗീകരിക്കേണ്ടിവന്നു.
ഓരോ സംസ്ഥാനത്തെയും സ്ത്രീകൾക്കും കുട്ടികൾക്കുമായി 36,000 കോടി വകയിരുത്തുന്ന സ്ഥാനത്ത് ആ വർഷം വിഹിതം 18,000 കോടിയായി കുറച്ചെന്നും സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ രഹസ്യനീക്കം നടത്തിയെന്ന് നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കേരളം വർഷങ്ങളായി കേന്ദ്രസർക്കാരിനെതിരേ ഉന്നയിക്കുന്ന ധനകാര്യവിഷയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് വെളിപ്പെടുത്തലെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.