ഇംഫാല്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം.
അക്രമസംഭവങ്ങളിൽ തകർന്ന് പ്രതീക്ഷയറ്റ മണിപ്പുരിൽ നിന്നായിരുന്നു രാഹുലിന്റെ യാത്ര. തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്തു.ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ പങ്കെടുത്തു.ഖോങ്ജോം വാര് മെമ്മോറിയലിലെത്തി രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി മൈതാനത്തെത്തിയത്.
കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രാജ്യത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും ഫ്ളാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായി.
നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരില്‍ യാത്ര. ഇതിന് ശേഷം നാഗാലാന്‍ഡിലേക്ക് കടക്കും. ഉത്തര്‍പ്രദേശിലാണ് യാത്ര ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിക്കുക. 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് 20-ന് മുംബൈയില്‍ യാത്ര സമാപിക്കും.
കഴിഞ്ഞ വര്‍ഷം കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ജോഡോ ന്യായ് യാത്ര. 4080 കിലോമീറ്റര്‍ ദൂരം 150 ദിവസം കൊണ്ട് പൂര്‍ണ്ണമായും കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയില്‍ ബസ്സിലും കാല്നടയായുമാണ് രാഹുല്‍ ഗാന്ധി സഞ്ചരിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കിടെയാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായത്. ഫ്ളാഗ് ഓഫ് ചടങ്ങ് ഒരുമണിക്കൂറില്‍ കൂടാന്‍ പാടില്ല, ചടങ്ങില്‍ പരമാവധി 3000 പേര് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ തുടങ്ങിയ നിയന്ത്രണങ്ങളാണ് തൗബാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇറക്കിയ ഉത്തരവിലുള്ളത്.
ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ പാടില്ല, സംഘാടകര്‍ സംസ്ഥാന അധികാരികളുമായി സഹകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
ഇംഫാല്‍ പാലസ് ഗ്രൗണ്ടില്‍ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് വേദി മാറ്റിയത്.
പാലസ് ഗ്രൗണ്ടില്‍ പരമാവധി ആയിരം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് മണിപ്പുരിലെ എന്‍. ബീരേന്‍ സിങ് നയിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.