അഗര്‍ത്തല: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ വീണ്ടും സിപിഎം-കോണ്‍ഗ്രസ് സഖ്യം വന്നേക്കും. പ്രദ്യുത് ദേബ് ബര്‍മ്മന്റെ തിപ്ര മോത പാര്‍ട്ടിയേയും ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ത്രിപുരയിലെ ആകെയുള്ള രണ്ട് സീറ്റിലും സിപിഎം തന്നെയാണ് വിജയിച്ചത്. എന്നാല്‍ 2018 നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ടീയ സാഹചര്യം കീഴ്മേല്‍ മറിഞ്ഞു.
36 സീറ്റോടെ സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചു. തുടര്‍ന്ന് 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും സിപിഎമ്മിന് നഷ്ടമായി. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ത്രിപുരയില്‍ തിരിച്ചുവരവ് നടത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷ.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം ധാരണയുണ്ടാവുമോയെന്നതില് ഇനിയും തീര്‍ച്ചയില്ലെങ്കിലും ത്രിപുരയില്‍ സഖ്യം മുന്നില്‍ക്കണ്ടാണ് പാര്‍ട്ടി നീക്കം നടക്കുന്നത്.
2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയ്ക്കപ്പുറം സഖ്യമായാണ് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസ് മല്‍സരിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാല് തൊട്ട് അനുഗ്രഹം തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് ചോദിക്കുന്ന സിപിഎം നേതൃത്വവുമെല്ലാം അന്നത്തെ കൗതുക കാഴ്ചയായിരുന്നു.
മതേതര പാര്‍ട്ടികളെല്ലാം ഒരേ മനസ്സോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യുദ് ദേബ് വര്മന് നയിക്കുന്ന തിപ്ര മോതയേയും ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കുമെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലെ ബംഗാളി വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനമുണ്ട്.
എന്നാല്‍ തൃണമൂലുമായി ബംഗാളില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സിപിഎം ത്രിപുരയില്‍ എന്ത് നിലപാട് എടുക്കുമെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്. ഗോത്രമേഖലയിലെ ശക്തിയായ തിപ്ര മോത പാര്‍ട്ടി ഒപ്പം നില്ക്കുകയാണെങ്കില് രണ്ടില്‍ ഒരു സീറ്റ് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് അവര്‍ക്ക് നല്‍കേണ്ടി വരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.