തൃശൂര്‍: കരുവന്നൂർ തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സിപിഎം.
കരുവന്നൂർ ബാങ്കിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ഇഡി കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുമാണ് സിപിഎം ആരോപിക്കുന്നത്.
സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന പേരിൽ തുടർച്ചയായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.കരുവന്നൂരിൽ ക്രമക്കേടുകൾ നടത്തിയതിന് സിപിഎം പുറത്താക്കിയ രണ്ട് പേരെ മാപ്പുസാക്ഷികളാക്കിയാണ് കേന്ദ്ര ഏജൻസി കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്.
ലോൺ നൽകുന്നതിന് ഒരു സഹകരണ ബാങ്കിലും സിപിഎം തീരുമാനമെടുത്ത് നൽകാറില്ലെന്നും നിർദ്ദേശങ്ങളും നൽകാറില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളാണ് ഇക്കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കാറുള്ളത്.
അങ്ങനെ മാത്രമാണ് കരുവന്നൂർ ബാങ്കിലും ഉണ്ടായിട്ടുള്ളത്. പാർട്ടി ഫണ്ടിന്റെ കാര്യത്തിലും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു.
കൃത്യമായ വരവ് ചെലവുകൾ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന പാർട്ടിയാണ് സിപിഎം. ഇലക്ട്രറൽ ബോണ്ടിൻ്റെ പേരിൽ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ച് അത് വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ പോലും പെടുത്താതെ ദുരൂഹമായി കൈകാര്യം ചെയ്യുന്ന കേന്ദ്ര ഭരണകക്ഷിയെ വെള്ള പൂശുന്നതിനാണ് ശ്രമിക്കുന്നത്.
തെറ്റായ പ്രചാരണങ്ങൾ തുടർച്ചയായി നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.