ലക്‌നൗ∙ ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിൽ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണശ്രമം നടന്നതായി ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തു.
സദർ കോട്വാലി സ്വദേശി നീരജ് കുശ്‌വാഹ (27) ആണ് അറസ്റ്റിലായത്. നീരജിന്റെ ഭാര്യ മനീഷ കുശ്‌വാഹ (24), ഇവരുടെ ഒരു വയസ്സുള്ള മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ച രാത്രിയാണ് നീരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നീരജിന് മറ്റൊരു യുവതിയുമായി ബന്ധമുള്ള വിവരം മനീഷ അറിഞ്ഞതിനെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് നീരജും മനീഷയും തമ്മിൽ തർക്കമാരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ മനീഷയെ നീരജ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ മനീഷ തൽക്ഷണം മരിച്ചു. ഇതിനുശേഷം ഒരു വയസ്സുള്ള മകളെ നീരജ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.പിന്നീട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണശ്രമം നടന്നതായി ചിത്രീകരിക്കാൻ നീരജ് തീരുമാനിച്ചു. ഇതിനായി സ്വയം തലയ്ക്കു പരുക്കേൽപ്പിച്ചു.
കവർച്ചയാണെന്ന് വരുത്തിത്തീർക്കാൻ വീട്ടുപകരണങ്ങൾ ഉൾപ്പെടെ വലിച്ചുവാരിയിട്ടു. സ്വർണാഭരണങ്ങൾ ടിവിക്കു പിന്നിൽ ഒളിപ്പിച്ചു. മുഖംമൂടി ധരിച്ച ഒരു സംഘം തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നും നീരജ് സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിച്ചു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിനു സംശയം തോന്നുകയും നീരജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴും മോഷ്ടാക്കളെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നില്ല.
വിശദമായ ചോദ്യംചെയ്യലിനൊടുവിൽ നീരജ് കുറ്റം സമ്മതിച്ചു. ഇരട്ടക്കൊലപാതകം തെളിയിച്ച അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവി 25,000 രൂപ പാരിതോഷികം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.