മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുനാവായ ഗ്രാമ പഞ്ചായത്ത് പകൽ വീടിനോട് ചേർന്ന് വയോജനങ്ങൾക്കായി നിർമ്മിച്ച ആദ്യത്തെ വ്യായാമ പാതയും ഓപ്പൺ ജിംനേഷ്യം പാർക്കും ഉത്സവാന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി അധ്യക്ഷനായി.
ജില്ലയിൽ വയോജനങ്ങൾക്കായി സമർപ്പിക്കുന്ന ആദ്യത്തെ വ്യായാമ പാർക്കാണിത്. കൂടുതൽ ദൂരം നടക്കാൻ കഴിയുന്ന വിധം ഇന്റർലോക്ക് വിരിച്ച് മനോഹരമാക്കിയ വ്യായാമപാതയും ഓപ്പൺ ജിംനേഷ്യവും 20 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചിട്ടുള്ളത്.തിരുനാവായ റെയിൽവേ മേൽപ്പാലത്തിന് സമീപം വാലില്ലാ പുഴയുടെ തീരത്ത് സുരക്ഷാ വേലിയോട് കൂടി എടക്കുളം തെക്കേ അങ്ങാടിയിൽ നിന്നും തുടങ്ങി പകൽ വീട് വരെ സ്ഥാപിച്ചിട്ടുള്ള വ്യായാമ കേന്ദ്രം രാവിലെയും വൈകുന്നേരവും വയോജനങ്ങൾക്കും പൊതു ജനങ്ങൾക്കും വ്യായാമത്തിനും ഉല്ലാസത്തിനുമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
കൈകളുടെയും ഷോൾഡറിന്റെയും മസിലുകൾക്ക് ബലം നൽകുന്ന ഷോൾഡർ ട്വിൽ ഡബിൾ, ഹാൻഡ് റോവർ, കാലുകളുടെ മസിലുകൾക്ക് ബലം നൽകുന്നതും ചാടിയ വയർ കുറക്കുന്നതിനുമുള്ള ലെഗ് പ്രെസ്സ് ഡബിൾ സ്റ്റാൻഡേർഡ്,
ട്രിപ്പ്ൾ ട്വിസ്റ്റർ തുടങ്ങിയ ഉപകാരണങ്ങളാണ് ഓപ്പൺ ജിംനേഷ്യത്തിൽ സ്ഥാപിച്ചിട്ടുള്ളത്. വിശ്രമത്തിനായി ചാരു ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്.
വയോജനങ്ങൾക്കും വനിതകൾക്കുമൊക്കെയായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെലവഴിക്കുന്ന പദ്ധതി വിഹിതം ഇത്തരത്തിലുള്ള മാതൃകാ പരമായ പദ്ധതികൾ കണ്ടെത്തിയാണ് വിഭാവനം ചെയ്യേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ പറഞ്ഞു.
വയോജനങ്ങൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഏറ്റവും മാതൃകാപരമായ പദ്ധതികളിലൊന്നാണ് പുതിയ വ്യായാമ കേന്ദ്രമെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പാർക്കുകൾ ഇനിയും സ്ഥാപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നത്ത് മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷന്മാരായ നാസർ ആയപ്പള്ളി, സീനത്ത് ജമാൽ, മാമ്പറ്റ ദേവയാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. പി. മുഹമ്മദ് കോയ, ടി. വി.റംഷീദ ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. വി. അനീഷ ടീച്ചർ, പറമ്പിൽ ഹാരിസ്, ഇ. പി. കുഞ്ഞിപ്പ, സോളമൻ വിക്ടർ ദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.