നേര്യമംഗലം :മാങ്കുളത്ത് ഇന്ന് ഹർത്താൽ.വനം വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ മർദിച്ചുവെന്നാരോപിച്ചാണ് ഹർത്താൽ.മാങ്കുളം ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
ഹർത്താലിൻ്റെ ഭാഗമായി ഇന്ന് മാങ്കുളം ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്. ഇതിനിടെ മാങ്കുളം സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഡിഎഫ്ഒ വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടാലറിയാവുന്ന നാട്ടുകാരുമാണ് കേസിലെ പ്രതികൾ.പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.
ഇതേതുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിബിൻ ജോസഫിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുളം ടൗണിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞത് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു.
പരിക്കേറ്റ മറ്റ് ജനപ്രതിനിധികളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാട് ഇന്നലെ നാട്ടുകാർ സ്വീകരിച്ചിരുന്നു.
കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിൽ പ്രവേശിച്ചതാണ് തർക്കങ്ങളുടെ തുടക്കം. പവലിയൻ സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം.
മാങ്കുളം പഞ്ചായത്തിന്റെ വികസന പദ്ധതികൾ അടക്കം തടസ്സം നിൽക്കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുവാൻ വനംവകുപ്പ് നീക്കം നടത്തുന്നുവെന്നും ആരോപിച്ച് കാലങ്ങളായി മാങ്കുളത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ പ്രതിഷേധത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.