പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർ ബസിന്റെ മുമ്പിൽ കയറിയിരുന്ന് ശരണം വിളിയും സമരവുമൊന്നും നടത്തരുതെന്നും സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നതെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.
ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകുമെന്നും ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദേശം നൽകുമെന്നും ഗണേഷ് കുമാർ അറിയിച്ചു.
‘ബസിന്റെ മുമ്പിൽ കയറി ഇരുന്ന് ശരണം വിളിയും സമരവും ഒന്നും നടത്തരുത്. അത് തെറ്റാ. നമ്മളൊക്കെ ദൈവവിശ്വാസികളാ. ഞാൻ ദൈവവിശ്വാസിയാണെന്ന് പറയാൻ മടിയില്ലാത്ത ആളാണ്.'
ഏറ്റവും കൂടുതൽ തവണ ശബരിമലയിൽ പോയിട്ടുള്ള ആളാകും ഞാൻ. ആദ്യ കാലങ്ങളിലൊക്കെ ഒരു വർഷത്തിൽ എല്ലാ മാസവും പോകുമായിരുന്നു. അന്ന് ഇതു പോലെ വെളിച്ചവും കോൺക്രീറ്റ് ചെയ്ത റോഡും ഒന്നുമില്ല.
തേക്കിന്റെ ഇലയ്ക്കകത്ത് മെഴുകുതിരി കത്തിച്ചുവച്ച് പോയിട്ടുണ്ട് കോളജിലൊക്കെ പഠിക്കുന്ന കാലത്ത്. രാത്രി ഇരുട്ടത്, രണ്ടു പേരും മൂന്നു പേരുമൊക്കെയായിട്ട്. പലപ്പോഴും വന്നെത്തുമ്പോ രാത്രിയാകും, മഴയത്ത് കർക്കിടക മാസത്തിൽ വരെ കയറി പോയിട്ടുണ്ട്.
സമരം ചെയ്യാനല്ലല്ലോ നമ്മൾ ശബരിമലയ്ക്ക് വരുന്നത്. അസൗകര്യം ഉണ്ടാകില്ല. ബസ്സുകൾ നിറയുന്നത് അനുസരിച്ച് ആളെ വിടും. ഭക്തിസാന്ദ്രമായി വരുമ്പോൾ ഭക്തിസാന്ദ്രമായി മടങ്ങണം. 41 ദിവസം വ്രതമെടുക്കുന്ന അയ്യപ്പന് ക്ഷമ വളരെ പ്രധാനമാണ്. അവര് അസഭ്യം പറയില്ല, ദേഷ്യപ്പെടില്ല.
കുഞ്ഞുങ്ങള് മാലയിട്ടു കഴിഞ്ഞാൽ അധ്യാപകര് പണ്ടു വഴക്കുപോലും പറയില്ല. വ്രതമെടുക്കുന്നത് മനശുദ്ധിക്കും മനശക്തിക്കും വേണ്ടിയാണ്. അതിനു വരുമ്പോൾ അത് ചെയ്യുക.
അല്ലാതെ ബസിനു മുന്നിൽ കയറി ഇരുന്നിട്ട് മറ്റുള്ളവർക്കു കൂടി തടസ്സമുണ്ടാക്കുന്നത് ശരിയല്ല. കുഞ്ഞുങ്ങളെ അതിനു മറയാക്കുന്നതും ഞാൻ അംഗീകരിക്കില്ല.’’– ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.