മലപ്പുറം: എസ്‍കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്‍റെ വിവാദ കൈവെട്ട് പരാമർശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി
മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.
എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിൽ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ല. തീവ്രവാദത്തിന്‍റെ തെറ്റും ശരിയും പറഞ്ഞു ക്യാമ്പയിൻ നടത്തിയവരാണ് സംഘടന.
എസ്‍കെഎസ്എസ്എഫ് നേതാവിന്‍റെ പരാമർശം സമസ്തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് മൊയ്തീൻ ഫൈസി വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളിൽ പ്രമുഖനാണ്മൊയ്തീൻ ഫൈസി പുത്തനഴി.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നായിരുന്നു സത്താർ പന്തല്ലൂരിന്‍റെ പ്രസ്താവന. മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം.
സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.