തിരുവനന്തപുരം : കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് കെഎസ്ഐഡിസി കൂടി വന്നത് സർക്കാരിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നു. രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ചോദ്യങ്ങൾക്ക്, കെഎസ്ഐഡിസി മറുപടി പോലും നൽകിയില്ലെന്ന കണ്ടെത്തൽ, സർക്കാറിന് കുരുക്കാണ്. വിശദാന്വേഷണത്തിനുള്ള കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് സിപിഎം നേതാക്കളും മന്ത്രിമാരും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
മാസപ്പടി വിവാദം കത്തിനിൽക്കെ രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താകുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നൽകിയത്. ഇടപാടിൽ സർക്കാറിനും പാർട്ടിക്കും ബന്ധമില്ലെന്ന നേതാക്കളുടെ ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ എല്ലാം പൊളിക്കുന്നു കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്.
സിഎംആർഎല്ലിൽ 14 ശതമാനം ഓഹരിയാണ് വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്കുള്ളത്. എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസിൻറെ പ്രാഥമിക അന്വേഷണത്തിൽ കെഎസ്ഐഡിസി മറുപടി പോലും നൽകാത്തതാണ് അതീവ ദുരൂഹം. എല്ലാം സുതാര്യമെങ്കിൽ അത് തെളിയിക്കാൻ സർക്കാറിന് മുന്നിലെ അവസരമായിരുന്നു കെഎസ്ഐഡിസിയോടുള്ള ചോദ്യം. ഇടപാടിലെ ക്രമക്കേടുകളിൽ കെഎസ്ഐഡിസിക്കും പങ്കുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഒഴിഞ്ഞുമാറൽ.
വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, എക്സാലോജികിൻറെ ഭാഗം കേട്ടില്ലെന്ന വാദം ഇനി നിലനിൽക്കില്ല. മാസപ്പടി വിവാദത്തിന് പിന്നാലെ എക്സാലോജിക് പ്രവർത്തനം തന്നെ നിർത്തിയിരുന്നു. എക്സാലോജിക്കിൽ ക്രമക്കേട് ഉണ്ടായെന്നാണ് ആർഒസി ബംഗ്ളൂരുവിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
മാസപ്പടി ചോദ്യങ്ങൾക്കെല്ലാം നേരത്തെ ഓണാംശംസ നൽകി ഒഴിഞ്ഞ് മാറിയവരും മുഖ്യമന്ത്രിയുടെ മകൾക്കെന്താ ബിസിനസ് നടത്തികൂടെ എന്ന് ചോദിച്ച സിപിഎം നേതാക്കളും പുതിയ അന്വേഷണ ഉത്തരവിനോട് മിണ്ടിയില്ല. നിയമസഭസമ്മേളനവും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതൽ ശക്തമായി കത്തിത്തുടങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.