ദില്ലി: ലോക്സഭാ തെരഞ്ഞടുപ്പടുക്കവേ വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സഹായം ആറായിരം രൂപയിൽനിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താനാണ് ആലോചന. എന്നാൽ നീക്കം തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
വനിതകളെയും കർഷകരെയും ഒപ്പം നിർത്താൻ കേന്ദ്രസർക്കാറിന്റെ നിർണായക നീക്കം. 2019ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നിലവിൽ മാസം 500 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് നൽകുന്നത്. വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കി ഉയർത്താനാണ് ആലോചന. ഇതുവഴി സ്ത്രീകളുടെയും കർഷകരുടെയും വോട്ടുറപ്പിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
വനിതകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം നിന്നു എന്നാണ് ഇതിനോടകം പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കിയത്. ഈ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് സർക്കാരിൻറെ ശ്രമം. വനിത കർഷകർക്ക് ഇത് നടപ്പായാൽ പ്രതിവർഷം 12000 രൂപ കിട്ടും. തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യ ഗഡുമായ 4000 രൂപ നല്കും. 112971186 കുടുംബങ്ങളാണ് നിലവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ദതിയുടെ ഗുണഭോക്താക്കൾ. ഇതിൽ 3 കോടി 56 ലക്ഷം പേർ വനിതാ കർഷകരാണ്.
ഫെബ്രുവരി 1ലെ പൊതുബജറ്റിൽ വനിത കർഷകർക്കുള്ള ഈ സഹായം പ്രഖ്യാപിക്കാനാണ് ആലോചന. 18000 കോടി രൂപയുടെ അധിക ചെലവാണ് ഇതുവഴി സർക്കാറിനുണ്ടാവുക. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുന്നത്. രാജ്യത്തെ കർഷകരുടെ 60 ശതമാനവും സ്ത്രീകളാണെങ്കിലും 13 ശതമാനം വനിതാ കർഷകർക്ക് മാത്രമാണ് സ്വന്തമായി കൃഷി ഭൂമിയുള്ളത്. നീക്കം വോട്ട് നേടാനുള്ള തട്ടിപ്പാണെന്നാണ് കോൺഗ്രസിന്റെ വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.