നൂറ്റാണ്ടില്‍ മാനവരാശി നേരിടുന്ന മാരകമായ ഭീഷണികള്‍ ഒന്നാണ് കാൻസര്‍. ലോകമൊട്ടാകെ ഓരോ വര്‍ഷവും ഒരു കോടിയലധികം പേര്‍ കാൻസര്‍ ബാധിതരാകുകയും ഏകദേശം 50 ലക്ഷത്തോളം പേര്‍ കാൻസര്‍ കാരണം മരണപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്.ഈ കണക്കുകളില്‍ നിന്ന് തന്നെ കാൻസര്‍ മനുഷ്യരാശിയെ എന്തുമാത്രം ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കാൻസറിന് എതിരെയുള്ള പല ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്.
നൂറുശതമാനം ഫലപ്രദമായ ചികിത്സകള്‍ ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. എന്നാല്‍ ആശ്വാസകരമായ ചില വാര്‍ത്തകളും ഇതിനിടയില്‍ പുറത്തു വരുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് എച്ച്.പി.വി. വാക്സിനേഷൻ. ഒരു വാക്സിനേഷൻ എന്ന നിലയില്‍ എച്ച്.പി.വി വാക്സിനേഷൻ ഏറെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
എച്ച്.പി.വി. വാക്സിനേഷൻ പ്രധാനമായും ഗര്‍ഭാശയഗള കാൻസര്‍ , യോനി കാൻസര്‍, വള്‍വ കാൻസര്‍, എനല്‍ കാൻസര്‍ , പിനൈല്‍ കാൻസര്‍ ഓറല്‍ ആൻഡ് ഓറോഫറിൻജീല്‍ കാൻസര്‍ എന്നിവക്കെതിരെ ഏറെ ഫലപ്രദമാണ്. ഒൻപത് വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ വാക്സിനേഷൻ ഏറ്റവും ഫലപ്രദമായി കണ്ടു വരുന്നത്.
ലോകത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന നാലാമത്തെ കാൻസറാണ് സെര്‍വിക്കല്‍ കാൻസര്‍ അഥവാ ഗര്‍ഭാശയഗള അര്‍ബുദം . സ്ത്രീകളുടെ ഗര്‍ഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്.സ്ത്രീകളില്‍ കാണുന്ന കാൻസറുകളിലെ 6 - 29 ശതമാനവും ഗര്‍ഭാശയകള കാൻസറുകളാണ്. എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന കാൻസറുകളില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയഗള കാൻസറിനുള്ളത്.
കണക്കുകള്‍ പ്രകാരം സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ രണ്ടു ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ലോകത്തിലെ ഏകദേശം 32 ശതമാനമാണ്, മരണ നിരക്ക് ശരാശരി ഒരു ലക്ഷം വരും. ലോകത്തിലെ തന്നെ ഗര്‍ഭാശയഗള കാൻസറിന്റെ 34 ശതമാനമാണിത്.
നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം സെര്‍വിക്കല്‍ കാൻസര്‍ കൊണ്ടുള്ള മരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഈ രോഗം പൂര്‍ണ്ണമായും തടയാൻ സാധിക്കും. പക്ഷേ അവബോധമില്ലായ്മ കാരണം സെര്‍വിക്കല്‍ കാൻസര്‍ നേരത്തെ കണ്ടെത്താനോ ശരിയായ രീതിയില്‍ വാക്സിനേഷൻ എടുക്കാനോ സാധിക്കുന്നില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്.
സെര്‍വിക്കല്‍ കാൻസറിന് പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമാ വൈറസ് തന്നെയാണ്. നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം, (പ്രത്യേകിച്ച് 18 വയസ്സിന് താഴെ ), ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, 18 വയസ്സിനു മുൻപേ ഗര്‍ഭിണിയാവുന്നത്, അമിതവണ്ണം ,ഗര്‍ഭനിരോധന ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നത്, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയൊക്കെയാണ് മറ്റു പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
ഇടവിട്ടിട്ടുള്ള രക്തം പോക്ക്, വെള്ളപോക്ക് ,ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന, അടിവയറ്റില്‍ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, ആര്‍ത്തവത്തിനു ശേഷമുള്ള അകാരണമായ രക്തസ്രാവം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍ .എന്നാല്‍ സെര്‍വിക്കല്‍ കാൻസറിന്റെ തുടക്കത്തില്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവാറില്ല.
സെര്‍വിക്കല്‍ കാൻസറിന് ഏറ്റവും പ്രധാനമായ പ്രതിരോധ മാര്‍ഗമായി കാണുന്നത് പ്രതിരോധ കുത്തിവെപ്പുകള്‍ തന്നെയാണ്. കൂടാതെ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് രോഗം മാരകമാകാതെയിരിക്കാൻ സഹായിക്കും. പക്ഷെ ഇതിനായി നമ്മുടെ സമൂഹത്തില്‍ സെര്‍വിക്കല്‍ കാൻസര്‍ ബോധവത്ക്കരണം അത്യാവശ്യമാണ്.
സെര്‍വിക്കല്‍ കാൻസര്‍ കണ്ടുപിടിക്കാനുള്ള സ്ക്രീനിംഗ് ടെസ്റ്റുകളില്‍ പ്രധാനം പാപ് സ്മിയര്‍ ടെസ്റ്റ്, ലിക്വിഡ് ബേസ്ഡ് സൈറ്റോളജി , വയാ വി വിലീ , എച്ച്.പി.വി ഡി എൻ എ ടെസ്റ്റിംഗ്, കോള്‍പോസ്കോപ്പി എന്നിവയാണ്.
21 വയസു കഴിഞ്ഞ സ്ത്രീകള്‍ 3 വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ ചെയ്യേണ്ടതുണ്ട്. കാൻസറിന്റെ മുന്നോടിയായി ഗര്‍ഭാശയഗളത്തില്‍ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. എന്നാല്‍ പാപ് ടെസ്റ്റിലൂടെ ഏകദേശം 10 മുതല്‍ 15 വര്‍ഷം മുൻപ് തന്നെ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താവുന്നതാണ് .
ഗര്‍ഭാശയത്തില്‍ നിന്ന് സ്പാച്ചുല കൊണ്ട് ശേഖരിക്കുന്ന കോശങ്ങള്‍ ഒരു ഗ്ലാസ് സ്ലൈഡില്‍ വെച്ച് കെമിക്കല്‍ റീ ഏജന്റുകള്‍ കൊണ്ട് നിറം നല്‍കി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങള്‍ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയര്‍ ടെസ്റ്റ്.
ഈ ടെസ്റ്റ് വേദനാരഹിതവും ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചിലവുകുറഞ്ഞതുമാണ്. 10 വര്‍ഷം കഴിഞ്ഞ് കാൻസര്‍ വരാൻ സാധ്യതയുണ്ടെങ്കില്‍ പോലും ഈ ടെസ്റ്റിലൂടെ മനസിലാക്കി ചികിത്സ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കള്‍ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും എല്ലാം ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും. ആര്‍ത്തവം തുടങ്ങി പത്താം ദിവസത്തിനുള്ളില്‍ ചെയ്യുന്നതാണ് ഉത്തമം ,പരിശോധന നടത്തുന്നതിന്ന്റെ 48 മണിക്കൂര്‍ മുൻപേ ലൈംഗികബന്ധവും യോനിക്കുള്ളില്‍ ഉപയോഗിക്കുന്ന വാഷുകളോ മരുന്നുകളോ ഉണ്ടെങ്കില്‍ ഒഴിവാക്കണം.
എച്ച്. പി. വി. ഡി. എൻ. എ. ടെസ്റ്റ് 30 വയസുകഴിഞ്ഞാല്‍ ചെയ്യാം ,ഗര്‍ഭാശയമുഖത്തു നിന്നുള്ള കോശങ്ങളിലാണ് ഇതും ചെയ്യുന്നത്. പാപ് സ്മിയര്‍ ടെസ്റ്റിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ കുറച്ചുകൂടെ കൃത്യത കൂടിയ ടെസ്റ്റാണിത്. പാപ് സ്മിയര്‍ ടെസ്റ്റില്‍ ഉണ്ടെങ്കിലും കോശവ്യതിയാനങ്ങള്‍ കണ്ടെത്തിയാല്‍ കോള്‍പോസ്കോപ്പി ചെയ്യാവുന്നതാണ്. ഈ ഉപകരണത്തിലൂടെ ഗര്‍ഭാശയമുഖം പതിന്മടങ്ങു വലിപ്പത്തില്‍ കാണാനും ആവശ്യമെങ്കില്‍ ബയോപ്സി എടുക്കാനും സാധിക്കും.
ഗര്‍ഭാശയ മുഖത്തുണ്ടാകുന്ന കോശവ്യതിയാനങ്ങള്‍ സെര്‍വിക്കല്‍ കാൻസര്‍ ആവുന്നതിന്റെ മുൻപേയുള്ള ഘട്ടങ്ങളെയാണ് സി. ഐ. എൻ. ( സെര്‍വിക്കല്‍ ഇൻട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ) എന്ന് പറയുന്നത്. സി. ഐ. എൻ. ക്യാൻസറായി മാറാൻ ഏകദേശം 10 വര്‍ഷമെങ്കിലും എടുക്കും.
സി. ഐ .എൻ. ലീഷൻ മേല്‍പറഞ്ഞ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ കണ്ടെത്തിയാല്‍ ലീപ് , ക്രയോതെറാപ്പി തുടങ്ങിയ ലഘുവായ ചികിത്സാരീതികളിലൂടെ എളുപ്പത്തില്‍ നിര്‍മാര്‍ജനം ചെയ്യാൻ പറ്റും. ക്രയോതെറാപ്പി 10 മിനിറ്റ് കൊണ്ട് ചെയ്യാൻ പറ്റുന്ന ലഘുവായ ചികിത്സാരീതിയാണ്. സി. ഐ. എൻ. ബാധിച്ച ഭാഗത്തെ ലീപ് ഇലക്‌ട്രോണ്‍ കൊണ്ട് നിര്‍മാര്‍ജനം ചെയ്യുന്ന രീതിയാണ് ലീപ് സര്‍ജറി.
ഹ്യൂമൻ പാപ്പിലോമ വൈറസ് ഒരു ഡി.എൻ എ വൈറസാണ്. അതുമനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സില്‍ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു.
ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു അവസരത്തില്‍ കോശവിഭജനവുമായി ബന്ധപ്പെട്ട ജീനുകളില്‍ എച്ച്.പി.വി. ജനിതക വസ്തുവിന് ഇടപെടാൻ അവസരം കിട്ടിയാല്‍ കോശവിഭജനപ്രക്രിയയെ അതു താറുമാറാക്കും.
അതോടെ കോശം നിയന്ത്രണമില്ലാതെ പെരുകി കാൻസര്‍ ഉണ്ടാക്കുകയും ചെയ്യും. ഹ്യൂമൻ പാപ്പിലോമ വൈറസ് ലൈംഗികബന്ധം വഴി പടരുന്ന വൈറസുകളില്‍ ഒന്നാണ്. ആദ്യകാലഘട്ടത്തില്‍ വ്യക്തിശുചിത്വമില്ലായ്മ ആണ് സെര്‍വിക്കല്‍ കാൻസറിന്റെ കാരണം എന്നാണ് കരുതിയിരുന്നത്.
എന്നാല്‍ നിരന്തര ഗവേഷങ്ങളുടെ ഫലമായാണ് സെര്‍വിക്കല്‍ കാൻസറില്‍ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ സ്വാധീനം കണ്ടെത്തിയത്. ഈ വൈറസ് ശരീരത്തില്‍ എത്തിയാല്‍ ഒരുപാടു കാലത്തിനു ശേഷവും കാൻസര്‍ വരാനുള്ള സാധ്യതകളുണ്ട്,
ലൈംഗിക ബന്ധം വഴി പടരുന്ന വൈറസ് ആയതിനാലാണ് ഒൻപത് വയസ്സു മുതല്‍ 14 വയസ്സുവരെ കുട്ടികളില്‍ എച്ച്.പി.വി. വാക്സിനേഷൻ ഫലപ്രദമാകുന്നത്. അതായത് ആദ്യ ലൈംഗികബന്ധത്തിന് മുമ്ബേ ഈ വാക്സിനേഷൻ ലഭിച്ചിരിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
നിരവധി വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ എച്ച്.പി.വി വൈറസ് കണ്ട് പിടിച്ചത് ജര്‍മൻ വൈറോളജിസ്റ്റായ ഡോ. ഹെറാള്‍ഡ് സുര്‍ ഹൊസെനായിരുന്നു (ഉൃ. ഒമൃമഹറ ്വൗൃ ഒമൗലെി). ആ കണ്ടുപിടിത്തത്തിനായിരുന്നു
2008 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ശേഷം ഡോ. ഹെറാള്‍ഡ് സുര്‍ ഹൊസെനും ഓസ്ട്രേലിയൻ വൈറോളജിസ്റ്റായ ഇയാൻ ഫ്രാസിറുമാണ് (കമി എൃമ്വലൃ) എച്ച്.പി.വി. വാക്സിൻ വികസിപ്പിച്ചെടുത്തത്. നിരവധി വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ എച്ച് പി വി വാക്സിൻ 100 ശതമാനം വരെ എഫിക്കെസി ഉള്ള വാക്സിൻ ആയാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മിക്കവാറൂം എല്ലാ വികസിത രാജ്യങ്ങളിലും എച്ച്.പി.വി. വാക്സിനേഷൻ നടന്നിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ എച്ച്‌്.പി.വി. വാക്സിനേഷൻ കണക്ക്
റുവാണ്ട -98%, ഓസ്ട്രേലിയ- 97%, ന്യൂസിലാൻഡ് -95%, ഭൂട്ടാൻ -93%, യുണൈറ്റഡ് കിംഗ്ഡം -92%, ബ്രസീല്‍ -89%, ഉറുഗ്വേ -88%, കാനഡ -87%, ചിലി- 86%, യുണൈറ്റഡ് സ്റ്റേറ്റ്സ് -82% എന്നിങ്ങനെയാണ്.
ഭൂട്ടാൻ, ഇന്തോനേഷ്യ, മാലദ്വീപ്, മ്യാൻമര്‍, ശ്രീലങ്ക, തായ്ലൻഡ് എന്നിവ രാജ്യവ്യാപകമായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ സിക്കിമും, ബംഗ്ളാദേശിലെ ധാക്കയിലും ഗവണ്മെന്റ് തലത്തില്‍ ഈ വാക്സിനേഷന്റെ ആദ്യ ഘട്ടം നടന്നു കൊണ്ടിരിക്കുന്നു. നേപ്പാളും ടിമോറും 2023-2024ല്‍ വാക്സിൻ അവതരിപ്പിക്കാൻ പദ്ധതി നടത്തുന്നുണ്ട്.
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും എച്ച്.പി.വി വാക്സിനേഷൻ ഫലപ്രദമാണ്. ഒൻപത് തൊട്ട് 14 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ട് ഡോസായാണ് വാക്സിനേഷൻ നല്‍കേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയിലാണ് രണ്ടാമത്തെ ഡോസ് നല്‍കേണ്ടത്. മുതിര്‍ന്നവരില്‍ 15 മുതല്‍ 26 വയസു വരെയുള്ളവര്‍ 3 ഡോസായാണ് വാക്സിനേഷൻ നല്‍കുന്നത്.
ആദ്യ ഡോസ് കഴിഞ്ഞ് റണ്ടു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് നാലു മാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നല്‍കേണ്ടത്.
26 വയസ്സിനും 45 വയസിനിടക്കും ഈ വാക്സിനേഷൻ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം എടുക്കാവുന്നതാണ്.
ഇപ്പോള്‍ ഏകദേശം 2000 മുതല്‍ 3000 വരെ രൂപ വരും ഒരു ഡോസിന്. എച്ച്.പി.വി. വാക്സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗര്‍ഭാശയള കാൻസര്‍ ഒരു പരിധി വരെ നമുക്ക് തടയാകും. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസര്‍ പ്രിവെന്റിവ് ഹെല്‍ത്ത് സെന്ററുകളിലും എച്ച്.വി.പി വാക്സിനേഷൻ ലഭ്യമാണ്.
ഒട്ടേറെ കാലത്തെ ഗവേഷണത്തിനും ക്ലിനിക്കല്‍ ട്രയലുകള്‍ക്കും ശേഷമാണ് എച്ച്.പി.വി. വാക്സിനേഷൻ ജനങ്ങളിലേക്ക് എത്തിയത് അതുകൊണ്ടുതന്നെ സുരക്ഷിതമാണ് എച്ച്.പി.വി. വാക്സിൻ. അതിനാല്‍ ഒൻപത് യസു തൊട്ടു 14 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എച്ച് പി വി വാക്സിനേഷൻ നല്‍കി
അവരെ കാൻസര്‍ എന്ന മഹാമാരിയില്‍ നിന്നും ഒരു പരിധിവരെ സുരക്ഷിതരാക്കാം. അടുത്ത തലമുറയെയെങ്കിലും ഈ മാരക രോഗങ്ങളില്‍ നിന്ന് നമുക്ക് സംരക്ഷിക്കാം. പോളിയോ രോഗത്തെ പോലെ കാൻസര്‍ എന്ന മഹാവ്യധിയെയും ഈ ലോകത്ത് നിന്നും എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രയാണത്തില്‍ നമുക്കും പങ്ക് ചേരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.