കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.എൻ.എസ്.എസിന്റേത് വ്യക്തതയുള്ളതും ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതും ഐക്യം ശക്തിപ്പെടുത്തുന്നതുമായ നിലപാടാണ്. എൻ.എസ്.എസ് നിലപാടില്‍ അഭിമാനമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ച പശ്ചാത്തലത്തിലാണ് പരോക്ഷ വിമര്‍ശനവുമായി എൻ.എസ്.എസ് രംഗത്തെത്തിയത്. 'ജനുവരി 22ന് അയോധ്യയില്‍ ശ്രീരാമതീര്‍ത്ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്.
അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് ആ സംരംഭത്തെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ.
ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കും' -എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയില്‍ പറയുന്നു.
എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണഘട്ടം മുതല്‍ എൻ.എസ്.എസ് ഇതിനോട് സഹകരിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചത്. ആര്.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജനുവരി 22നാണ് ചടങ്ങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.