തൊടുപുഴയില്‍ പതിനഞ്ചു വയസ്സുകാരൻ മാത്യുബെന്നിയുടെ പശുക്കള്‍ ചത്തുവീണത് കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടര്‍ന്ന്.
തീറ്റയായി നല്കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കര്‍ഷകനായ മാത്യു ബെന്നിയുടെ പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണത്.
പശുവും കിടാവും മൂരിയും ഉള്‍പ്പെടെ പതിമൂന്ന് കന്നുകാലികളാണ് ചത്തത്. മൂന്ന് വര്‍ഷം മുൻപ് പിതാവിന്റെ മരണത്തിനു പിന്നാലെയാണ് മാത്യു ബെന്നി പതിമൂന്നാം വയസ്സില്‍ ക്ഷീര കര്‍ഷകനായത്. അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍മായിരുന്നു ഇത്.
പുതുവര്‍ഷ തലേന്ന് പശുക്കള്‍ക്ക് തീറ്റ നല്‍കിയതിനു പിന്നാലെയായിരുന്നു ദുരന്തം. രാത്രി എട്ട് മണിയോടെയാണ് കന്നുകാലികള്‍ക്ക് തീറ്റ നല്‍കിയത്. ഇതില്‍ കപ്പത്തൊണ്ടും ഉള്‍പ്പെട്ടിരുന്നു. തീറ്റ കഴിച്ചതിനു പിന്നാലെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീണ് ചാകുകയായിരുന്നു.
പഠനത്തോടൊപ്പമാണ് മാത്യു പശുക്കളേയും വളര്‍ത്തിയത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മാത്യുവിനെ തേടിയെത്തിയിരുന്നു. അരുമയായി വളര്‍ത്തിയ പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പത്താം ക്ലാസുകാരന്റെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗം കൂടിയാണ് ഇല്ലാതായത്.
ആറ് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തില്‍ നിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് പശുക്കള്‍ക്ക് തീറ്റയായി നല്‍കിയിരുന്നത്. ഇത് കഴിച്ചതിനു പിന്നാലെ പരവേശം കാണിച്ച കാലികളെ തൊഴുത്തില്‍ നിന്നും അഴിച്ചുവിട്ടു. ഇറങ്ങിയോടിയ കന്നുകാലികള്‍ റബര്‍ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴിത്തിലുമായി ചത്തുവീണു.
മരച്ചീനിയിലെ സയനൈഡ് സാന്നിധ്യം
കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകള്‍ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. കപ്പയില്‍ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകള്‍ ഉള്ളതാണ് കാരണം. കപ്പയില്‍ ഉള്ള ലിനാമരേസ് എന്ന എൻസൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിക്കുന്നു.
കയ്പ്പുള്ള കപ്പയില്‍ ആണ് സയാനോജീനിക് ഗ്ലൂക്കോസൈടുകള്‍ കൂടുതലായി ഉള്ളത്. കയ്പ്പില്ലാത്ത കപ്പയില്‍ കിലോയില്‍ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോള്‍ കയ്പ്പുള്ള കപ്പയില്‍ കിലോയില്‍ 1000 മില്ലിഗ്രാം വരെ സയനൈഡ് ഉണ്ടാകും. വരള്‍ച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുന്നു.
ഒരു എലിയെ കൊല്ലാൻ കപ്പയില്‍ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈട് മതിയാകും. 500-600കിലോ ഭാരമുള്ള ഒരു പശുവിന് മരണകാരണമാകാന്‍ വെറും 300-400 മില്ലിഗ്രാം സയനൈഡ് മതി.
പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം മൂലം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റര്‍, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.