ആലപ്പുഴ:കഴിഞ്ഞ ദിവസമാണ് രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസില്‍ ചരിത്ര വിധി ഉണ്ടായത്. എന്നാല്‍ രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസിന് കാരണമായ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി സ്വദേശി കെ.എസ്.ഷാനെ വെട്ടിക്കൊന്ന കേസില്‍ വർഷം രണ്ടു കഴിഞ്ഞിട്ടും വിചാരണയായില്ല.
രണ്‍ജിത്ത് വധക്കേസില്‍ വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെയെന്ന് ചോദിക്കുകയാണ് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്റെ കുടുംബം. ക്രൂരമായ കൊലപാതകമാണ് നടന്നത്.
കേസ് ഇഴഞ്ഞു നീങ്ങുകയാണ്.ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ രണ്‍ജിത്തും കൊല്ലപ്പെടില്ലായിരുന്നു. രണ്ട് കുടുംബങ്ങളും സമാന നഷ്ടങ്ങളാണ് ഉണ്ടായതെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും ഷാനിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഷാനിന്‍റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടിയെങ്കിലും ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്.
കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസ് നടത്തിപ്പില്‍ വ്യാപക പരാതി ഉയർന്നതോടെയാണ് ഏതാനും ദിവസം മുൻപ് തൃശൂർ സ്വദേശിയും പ്രമുഖ അഭിഭാഷകനുമായ പി.പി ഹാരിസിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ഷാൻ വധക്കേസില്‍ 11 ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായ മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂർസ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ് , ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരംസ്വദേശി ധനീഷ്, മണ്ണഞ്ചേരിസ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, കാട്ടൂർസ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍.
കുറ്റപത്രം സമർപ്പിച്ചശേഷമാണ് ശ്രീനാഥും മുരുകേശനും അറസ്റ്റിലായത്.കുറ്റപത്രം സമർപ്പിക്കുന്നതിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും വിചാരണ നടപടികളിലുമുണ്ടായ കാലതാമസം കാരണം പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാനിരിക്കെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സമർപ്പിച്ച കുറ്റപത്രം മടക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കുറ്റപത്രം സമർപ്പിക്കാൻ അധികാരമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.നിയമ ബിരുദധാരിയും സജീവ എസ്.ഡി.പി.ഐ പ്രവർത്തകനും ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന ഷാനെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ പി.പി.ഹാരിസ്, അസിസ്റ്റന്റ് അഡ്വ. കെ.എം.ഷൈജു എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.