ചെങ്ങന്നൂര്‍: നഗരസഭയിലെ 16 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ ചെങ്ങന്നൂര്‍ ളാഹശേരി വേങ്ങൂര്‍ വീട്ടില്‍ രമേശ് ബാബു നല്കിയ പരാതിയിന്മേല് തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസിന്മേല് മാര്‍ച്ച് 19ന് രാവിലെ 10.30ന് ഓണ്‍ലൈനായി വിചാരണ നടക്കും.
മുൻ ചെയര്‍പേഴ്സണ്‍ സൂസമ്മ ഏബ്രാഹം, കൗണ്‍സിലര്‍മാരായ മറിയാമ്മ ജോണ്‍ ഫിലിപ്പ്, രാജന് കണ്ണാട്ട്, ശോഭാ വര്‍ഗീസ്, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, മനീഷ് കെ.എം, ശരത് ചന്ദ്രന്, ടി. കുമാരി, ഷേര്‍ളി രാജന്, ഓമന വര്‍ഗീസ്, പി.ഡി. മോഹനന്, ഗോപു പുത്തന്മഠത്തില്, അര്‍ച്ചന കെ. ഗോപി, മിനി സജന്, കെ. ഷിബുരാജന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
2021 ഡിസംബർ 11ന് സര്‍ക്കാരില്‍ നല്കിയ പരാതിയിന്മേല് തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം റീജണല്‍ പെര്‍ഫോര്‍മെന്‍സ് ഓഡിറ്റർ 2021 ഡിസംബർ ആറിനു നല്കിയ വിശദമായ റിപ്പോര്‍ട്ടും ശുപാര്‍ശകളും അനുസരിച്ച് നടപടിയെടുക്കണമെന്നും ഇവരില്‍നിന്നും നഗരസഭയുടെ സാമ്പത്തിക നഷ്ടം ഈടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയില്‍ പറയുന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ:
നഗരസഭ കാര്യാലയത്തിനു കിഴക്കുവശത്തെ ചുറ്റുമതില്‍ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പൊളിച്ചുമാറ്റുകയും അന്നത്തെ ചെയര്മാന് സ്വജനപക്ഷപാതം കാട്ടി അനര്‍ഹമായി സഹായിക്കുകയും ചെയ്തു.
ശാസ്താംപുറം മാര്‍ക്കറ്റിലെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടമുറികളില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത നിര്‍മാണം നടത്തി. അന്നത്തെ ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തിയതുമൂലം സാമ്ബത്തിക നഷ്ടം ഉണ്ടായി. ചെയര്‍പേഴ്സണ്‍ പദവി ദുര്‍വിനിയോഗം ചെയ്ത് ഔദ്യോഗികരേഖകളില്‍ കൃത്രിമം കാട്ടി.
ശാസ്താംപുറം മാര്‍ക്കറ്റ് വ്യാപാര സമുച്ചയത്തിലെ രണ്ട് കടമുറികള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കച്ചവടം നടത്തുകയും കീഴ് വാടകയ്ക്ക് നല്‍കുകയും ചെയ്തു.
നഗരസഭ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലെക്സിലെ 25/258 കടമുറി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫീസായി ഡെപ്പോസിറ്റും കരാര്‍ വ്യവസ്ഥകളുമില്ലാതെ നല്കി 4,37,285 രൂപ നഗരസഭയ്ക്ക് നഷ്ടം വരുത്തി.
ആറാം വാര്‍ഡിലെ നഗരസഭ കെട്ടിടം അഗതി മന്ദിരം നടത്തുന്നതിന് പത്രപരസ്യം നല്കി അപേക്ഷ ക്ഷണിക്കാതെ അടൂര്‍ കേന്ദ്രമായ ഒരു സ്വകാര്യ ഏജന്‍സിക്ക് സൗജന്യമായി നല്കി. ഇതുമൂലം 40,000 രൂപ മാസവാടക നല്കി സ്വകാര്യവ്യക്തിയുടെ കെട്ടിടം ആയുര്‍വേദ ആശുപത്രിക്കായി വാടകയ്ക്ക് എടുക്കേണ്ടിവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.