'ജഗതി ശ്രീകുമാര്‍' മലയാളിയെ സംബന്ധിച്ചിടത്തോളം ഹാസ്യം എന്നതിന്റെ പര്യായമാണ് ഈ പേര്. കിലുക്കത്തിലെ നിശ്ചലും യോദ്ധയിലെ അരശുമൂട്ടില്‍ അപ്പുക്കുട്ടനും നന്ദനത്തിലെ കുമ്പിടിയും മീശമാധവനിലെ ഭഗീരഥൻ പിള്ളയുമൊക്കെ നമ്മെ ചിരിപ്പിച്ചതിന് കണക്കില്ല.ഈ കഥാപാത്രങ്ങളെല്ലാം ഇന്നും മലയാളികളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതിനാല്‍ തന്നെയാണ് മലയാളി അദ്ദേഹത്തെ ഹാസ്യസാമ്രാട്ട് എന്ന് വിളിക്കുന്നത്. എന്നാല്‍ ആ ചിരിമുഹൂര്‍ത്തങ്ങള്‍ ഇല്ലാതെ തന്നെ ജഗതി മലയാളിയെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുമുണ്ട്. അത്തരത്തില്‍ മലയാളിയെ ചിരിപ്പിക്കാത്ത ചില ജഗതി കഥാപാത്രങ്ങളെ ഒന്ന് നോക്കാം.
വാസ്തവം
ജഗതി ശ്രീകുമാറിന്റെ വ്യത്യസ്തങ്ങളില്‍ വ്യത്യസ്തമായ വേഷമായിരുന്നു വാസ്തവം എന്ന സിനിമയിലെ ഉണ്ണിത്താൻ ആശാൻ. 'ഹജൂര്‍ കച്ചേരിയിലെ പ്രായമാകാത്ത' ഉണ്ണിത്താനാശാൻ രാജ്യത്തെ ഭരണ സംവിധാനങ്ങളുടെ പാളിച്ചകളും അഴിമതിയും വരച്ചുകാട്ടുന്നു.
ഭരണത്തിന്റെ ഇടനാഴികളിലെ ദല്ലാളുകളുടെ മാനറിസങ്ങളും തന്മയത്വത്തോടെയാണ് ജഗതി പകര്‍ന്നാടിയത്. ഭാഷാ ശൈലിയും പെരുമാറ്റവുമെല്ലാം കൊണ്ട് മറ്റൊരാളെ ചിന്തിക്കാൻ പറ്റാത്ത വിധം ആ വേഷം ജഗതി തൻ്റേത് മാത്രമാക്കി. പൃഥ്വിരാജിന്റെ നായക കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കേരള രാഷ്ട്രീയത്തിന്റെ എൻസൈക്ലോപീഡിയ' എന്ന് വിളിക്കാൻ പറ്റുന്ന ഉണ്ണിത്താനാശാൻ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു.
തന്മാത്ര
നിരവധി ഹിറ്റ് കോമഡി രംഗങ്ങളില്‍ തകര്‍ത്താടിയ ജഗതി-മോഹൻലാല്‍ കോംബോ തന്മാത്രയില്‍ മലയാളികളെ അല്‍പ്പം വേദനിപ്പിക്കുകയാണ് ചെയ്തത്. മോഹൻലാല്‍ അവതരിപ്പിച്ച രമേശൻ നായരുടെ സുഹൃത്തായ ജോസഫായാണ് ചിത്രത്തില്‍ ജഗതി അഭിനയിച്ചത്.
രമേശൻ നായര്‍ക്ക് എന്തിനും ഏതിനും വിളിക്കാൻ കഴിയുന്ന, ഒടുവില്‍ അയാള്‍ മറവിയുടെ ആഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ ആ കുടുംബത്തിന് സഹായിയായി നില്‍ക്കുന്ന ഒരു നല്ല സുഹൃത്താണ് ജോസഫ്.
അയാളെ എല്ലാവരും എവിടെയെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാകും. സിനിമയുടെ അവസാന ഭാഗങ്ങളില്‍ ജോസഫിന്റെ അപ്രതീക്ഷിത മരണം, അത് പ്രേക്ഷകരില്‍ വല്ലാത്ത ഒരു ഞെട്ടലും മരവിപ്പുമുണ്ടാക്കുന്നുണ്ട്.
അടിക്കുറിപ്പ്
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത അടിക്കുറിപ്പ് എന്ന സിനിമയില്‍ താൻ ആരെന്നോ എന്തെന്നോ അറിയാത്ത നിസ്സഹായനായ ബഷീര്‍ എന്ന കഥാപാത്രമായാണ് ജഗതി ശ്രീകുമാര്‍ എത്തിയത്.
നിരവധി ഡയലോഗുകള്‍ കൊണ്ട് മലയാളികളെ എന്നും ചിരിപ്പിക്കുന്ന ജഗതിക്ക് അടിക്കുറിപ്പിന്റെ അവസാന രംഗങ്ങള്‍ വരെ സംഭാഷണങ്ങള്‍ പോലുമില്ലായിരുന്നു. മുഖഭാവങ്ങളിലൂടെ ബഷീറിന്റെ നിസ്സഹായത ജഗതി പ്രേക്ഷകരിലെത്തിച്ചു. ഏത് വിധേനയും ബഷീറിനെ നായകന് രക്ഷിക്കാൻ സാധിക്കണം എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപോകും. അവിടെയാണ് ജഗതി വിജയിച്ചതും.
പാസഞ്ചര്‍
രാഷ്ട്രീയക്കാരന്റെ വേഷം നിരവധി തവണ ജഗതി തിരശീലയില്‍ അണിഞ്ഞിട്ടുണ്ടെങ്കിലും രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന സിനിമയില്‍ കഥ വേറെയായിരുന്നു. സൗമ്യമായി ചിരിക്കുകയും ക്രൂരമായി ചിന്തിക്കുകയും ചെയ്യുന്ന അഴിമതിക്കാരനായ മന്ത്രിയായാണ് ജഗതി സിനിമയിലെത്തിയത്.
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ പലതവണ ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം തന്നിലെ ഹാസ്യതാരത്തിന് തകര്‍ക്കാനുള്ള സ്‌പേസ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. പാസഞ്ചറിലെ മന്ത്രി വ്യത്യസ്തനാകുന്നതും ആ കഥാപാത്രത്തിന്റെ ഗൗരവം കൊണ്ട് തന്നെയാണ്. ഒരുപക്ഷേ സിദ്ദിഖിനെയോ സായികുമാറിനെയോ പോലുള്ളവരെ സങ്കല്‍പ്പിക്കാവുന്ന ഈ വില്ലൻ വേഷം ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കി.
ഉറുമി
ജഗതി എന്ന നടന്റെ മറ്റൊരു ശക്തമായ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് ഉറുമിയിലെ ചെനിച്ചേരി കുറുപ്പ്. അല്‍പ്പം സ്ത്രൈണത നിറഞ്ഞ ഭാവങ്ങള്‍ക്കും ചലനങ്ങള്‍ക്കുമൊപ്പം വില്ലനിസവും ചേര്‍ത്ത് അതിസൂക്ഷ്മമായാണ് ജഗതി ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ആ സിനിമ കാണുന്ന ഏതൊരാളും വെറുത്തുപോകും വിധം തന്റേതായ ശൈലിയിലൂടെ ജഗതി എന്ന കലാകാരൻ ചെനിച്ചേരി കുറുപ്പിനെ മികച്ചതാക്കി. ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ച ജഗതി എന്ന അഭിനേതാവിന് തകര്‍ത്താടാൻ ഇനിയും ബാക്കിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചെനിച്ചേരി കുറുപ്പ്.
ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ ഒരു മികച്ച കഥാപാത്രമായിരുന്നു ജഗതിക്കായി കരുതിവെച്ചിരുന്നത്. അത് പൂര്‍ത്തിയാക്കും മുന്നേ ഒരു അപകടത്തിലൂടെ അദ്ദേഹത്തിന് അരങ്ങില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്നു. ആ സിനിമ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ജഗതിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് ആകുമായിരുന്നു ആ കഥാപാത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.