ന്യൂഡല്‍ഹി: ലോക്സഭയിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി ആര് പി എഫ്) ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി എത്രയും വേഗം സമര്‍പ്പിക്കും എന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ഉച്ചയോടെ സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിങ്ങനെ പേരുള്ള രണ്ട് പേര് ശൂന്യവേളയില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടി മുദ്രാവാക്യം വിളിക്കുകയു ക്യാനിസ്റ്ററില്‍ നിന്ന് മഞ്ഞ വാതകം തളിക്കുകയുമായിരുന്നു. ഈ സമയം അനമോല്‍ ഷിന്‍ഡെ, നീലം ആസാദ് എന്നീ പേരുള്ള രണ്ട് പേര് പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും ഗ്യാസ് ക്യാനിസ്റ്റർ ഉപയോഗിക്കുകയും ചെയ്തു.
ഇവരെ ഉടന്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കൂടാതെ രണ്ട് പേര് കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ദല്‍ഹി പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും ഉള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന പശ്ചാത്തല പരിശോധന, മാനുവല്‍ ഫ്രിസ്കിംഗ്, ബാഗേജ് ചെക്ക്-ഇന്‍, മറ്റ് പ്രക്രിയകള്‍ എന്നിവ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നടത്താറുണ്ട്.
അതേസമയം പുതിയ പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടും വീഴ്ച സംഭവിച്ചത് പ്രതിപക്ഷം ആയുധമാക്കി.പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പര്യാപ്തമല്ലെന്നും അടിയന്തരമായി പരിഹരിക്കണമെന്നും അവര്‍ ആരോപിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് നിരവധി പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു.
ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അനീഷ് ദയാല്‍ സിംഗിന്റെ കീഴില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളും വിദഗ്ധരുമായി ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റിന്റെ സുരക്ഷാ ലംഘനത്തിന്റെ കാരണങ്ങളെക്കുറിച്ച് എന്‍ക്വയറി കമ്മിറ്റി അന്വേഷിക്കുകയും വീഴ്ചകള്‍ കണ്ടെത്തുകയും തുടര്‍ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്യും.
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ നടന്ന സംഭവത്തില്‍ സുരക്ഷാ അവലോകനവും ഉന്നതതല അന്വേഷണവും ആവശ്യപ്പെട്ട് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് കത്തെഴുതി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.