കടയ്ക്കൽ; മുദ്രാ പദ്ധതി വഴി വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി പിടിയിൽ. രണ്ടു പേർ ഒളിവിൽ.
കുളത്തൂപ്പുഴ എക്സ് സർവീസ് മെൻ കോളനിയിൽ മണി വിലാസത്തിൽ രമ്യ പ്രദീപിനെയാണ് (36) ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ സുമിത സുദർശനൻ, രമ്യ പ്രദീപിന്റെ ഭർത്താവ് ബിനു സദാനന്ദൻ എന്നിവർ ഒളിവിലാണ്.പ്രധാനമന്ത്രിയുടെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി 75,00,000 രൂപ വായ്പ അനുവദിച്ചിട്ടുണ്ടെന്നും മാർജിൻ മണിയായി 25 ലക്ഷം മുതൽ 30 ലക്ഷം വരെ ബാങ്ക് അക്കൗണ്ടിൽ കാണിക്കണം എന്ന് പറഞ്ഞായിരുന്നു കബളിപ്പിക്കൽ. കടയ്ക്കൽ, കുളത്തൂപ്പുഴ, ചിതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ പേരാണ് കബളിപ്പിക്കലിൽ കുടുങ്ങിയത്.
ചിതറ കാരറക്കുന്ന് കളീലിൽ വീട്ടിൽ ജസീന ദേവിയിൽ നിന്നു പണം തട്ടിയ കേസിലാണ് ചിതറ പൊലീസ് രമ്യയെ അറസ്റ്റ് ചെയ്തത്. ജസീന ദേവിയുടെ സഹോദരിയും പരിചയക്കാരും കബളിപ്പിക്കലിന് ഇരയായി. ഇടത്തരം കുടുംബങ്ങളെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ആണ് കൂടൂതൽ കബളിപ്പിച്ചത്. പലരിൽ നിന്നു കടം വാങ്ങിയും സ്വർണം പണയം വച്ചും വിറ്റും പരാതിക്കാർ തട്ടിപ്പു സംഘത്തിന് പണം നൽകി.
രമ്യ, സുമിത എന്നിവർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തിരുന്നു, ഇതിനിടയിൽ രമ്യ കോടതിയിൽ നിന്നു രണ്ടു കേസുകളിൽ മുൻകൂർ ജാമ്യം നേടി. ബാങ്ക് മാനേജർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കു ലോൺ ലഭിക്കുന്നതിനായി പണം നൽകണമെന്നും ജഡ്ജിമാർ അടക്കമുള്ളവരുമായി അടുപ്പമുള്ള അഭിഭാഷകരാണു തങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്നതെന്നും സംഘം അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
രമ്യയുടെയും സുമിതയുടെയും ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകിയിരിക്കുന്നത്. നേരിട്ടും പണം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തട്ടിപ്പിന്റെ വ്യാപ്തി കൂടുതലാണന്നു സൂചനയാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിനു ലഭിച്ചത്.
വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തമാകൂവെന്ന് ചിതറ പൊലീസ് അറിയിച്ചു. കബളിപ്പിക്കിലിന് ഇരയായവർ മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിലും പരാതി നൽകിയിരുന്നു. അറസ്റ്റിലായ രമ്യയെ കടയ്ക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.