ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനതാദള്‍ (യു) നേതൃത്വത്തില്‍ മാറ്റം. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് ഏകകണ്ഠമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ലാലന് സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജന്‍ സിങ് രാജിവെച്ച് മിനിറ്റുകള്‍ക്കകമാണ് നിതീഷ് സ്ഥാനം ഏറ്റെടുത്തത്.പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തി ദേശീയ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടത് പ്രകാരമാണ് നിതീഷ് കുമാര്‍ ചുമതലയേറ്റെടുത്തതെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പ്രതികരിച്ചു.
നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് പുനരവരോധിക്കുന്നതിനായി ലാലന് സിങ് സ്ഥാനമൊഴിയുമെന്ന് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. നിതീഷുമായി അടുത്ത കാലത്തായി ലാലന് സിങ് അകല്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഖ്യകക്ഷിയായ ആര്‍ജെഡിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് ഈ അകല്‍ച്ചയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ മുന്നണികള്‍ മാറിമാറി ചുവടുവെച്ച നിതീഷിനും ജെഡിയുവിനും ഏതെങ്കിലും ഘട്ടത്തില്‍ ബിജെപി സഖ്യത്തിലേക്ക് മടങ്ങേണ്ടി വന്നാല്‍ ലാലന് സിങ് അതിന് തടസ്സമാകുമെന്ന ഭയവുമുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയാണ് ലാലന് സിങ്.
ഇന്ത്യ സഖ്യത്തിന് മുന്‍കൈ എടുത്ത നിതീഷ് അടുത്ത കാലത്തായി മുന്നണിയോട് അകല്‍ച്ച കാണിക്കുന്നുണ്ട്. ഡല്‍ഹിയില്‍ അവസാനമായി ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിന് ശേഷം നിതീഷ് എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന പ്രചാരണങ്ങളുണ്ടായിരുന്നു.
ഇന്ത്യ സഖ്യത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് നിതീഷിനുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതും അനിഷ്ടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.