കൊച്ചി: നവകേരള സദസിനെതിരായ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു.
24 ന്യൂസ് റിപ്പോർട്ടർ വിനീത വി.ജിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിയുിടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നൽകിയിട്ടുണ്ട്.
ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്ത് ഡിജിപിയുടെ വസതിയിൽ മഹിളാ മോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോർച്ച ഡിജിപി വസതിയിലേക്ക് മാർച്ച് നടത്തിയത്.
പ്രതിഷേധം പകർത്താനായി ഡിജിപിയുടെ ഗേറ്റ് കടന്നുചെന്ന മാധ്യമപ്രവർത്തകർക്കെതിരെ ഡിജിപിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയെന്ന് പറഞ്ഞാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.നവ കേരള ബസിന് എതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) പ്രതിഷേധിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും സാമാന്യ നീതിയുടെ നിഷേധവുമാണിത്. മുമ്പ് ഏഷ്യാനെറ്റ് ലേഖികയ്ക്ക് എതിരെ സമാനമായ രീതിയിൽ പൊലീസ് കേസെടുത്തത് കോടതി റദ്ദാക്കിയിരുന്നു.വീണ്ടും സമാനമായ തെറ്റ് ആവർത്തിക്കുകയാണ് പൊലീസ് ചെയ്യുന്നത്. കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.