മനാമ; അടുത്തിടെയായി ബഹ്‌റൈനിൽ, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളും ആത്മഹത്യകളും ബഹ്‌റൈൻ പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ നിരവധി മലയാളികളാണ് ഇവിടെ ഹൃദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിലും രണ്ടു പ്രവാസികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് . ഇതത്തരം സംഭവങ്ങൾ ബഹ്‌റൈൻ മലയാളി സമൂഹത്തിനിടയിൽ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ആത്മഹത്യകൾക്ക് പലപ്പോഴും കാരണമായിട്ടുള്ളത്. കോവിഡ് വരുത്തിവച്ച പ്രതിസന്ധികളുടെ ബാക്കിപത്രമാണ് ഇത്തരം ആത്മഹത്യകളിലേക്ക് പ്രവാസികളെ നയിക്കുന്നത് എന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.
ഈയിടെ നടന്ന ആത്മഹത്യകൾ ആയാലും ഹൃദയാഘാത മരണങ്ങൾ ആയാലും അവയുടെ പിന്നാമ്പുറം പരിശോധിച്ചാൽ പലതും ഇത്തരം സമ്മർദ്ദങ്ങളുടെ ഫലമാണെന്നാണ് കണ്ടെത്തിയിട്ടൂണ്ട്.നവംബർ ഡിസംബർ മാസങ്ങളിൽ മാത്രം ഏകദേശം 25 ഓളം മരണങ്ങളാണ് മലയാളികൾക്കിടയിൽ മാത്രം ഉണ്ടായിട്ടുള്ളതെന്ന് ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം രക്ഷാധികാരി ബഷീർ അമ്പലായി പറഞ്ഞു.
പല കമ്പനികളിലും കോവിഡിന് ശേഷം ശമ്പളം കുറയ്ക്കുക മാത്രമല്ല ഇടത്തരം കമ്പനികൾ മുതൽ ബഹ്‌റൈനിലെ പല അറിയപ്പെടുന്ന കമ്പനികളിലും ശമ്പള പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഇത് പലരുടെയും കുടുംബ ജീവിതത്തെയും താളം തെറ്റിച്ചിട്ടുണ്ട്. അതേ സമയം നാട്ടിലെ ജീവിതച്ചിലവുകൾ കുത്തനെ വർധിച്ചതോടെ പല പ്രവാസികൾക്കും നാട്ടിലേക്ക് അയക്കുന്ന പണം തികയാതെ വന്നതും അവരെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്.
നാട്ടിലേക്ക് പോയാലും തൊഴിൽ ലഭിക്കാതിരിക്കുന്ന സാഹചര്യം കാരണം പലരും വളരെ ക്ലേശം സഹിച്ചും ഇവിടെ തന്നെ തങ്ങുകയാണ്. ഇത് പലരെയും കൂടുതൽ പ്രതിസന്ധികളിലേക്ക് നയിക്കുകയും ഒടുവിൽ സമ്മർദ്ദം സഹിക്കാൻ കഴിയാത്ത പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയോ അല്ലെങ്കിൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യുകയാണ്.
ബഹ്‌റൈനിൽ അടുത്തിടെ ആത്‍മഹത്യ ചെയ്ത പലരുടെയും പാസ്‌പോർട്ടുകൾ പോലും പണയത്തിൽ ആയിരുന്നുവെന്ന വിവരമാണ് പിന്നീട് അറിഞ്ഞത്. ആത്മഹത്യ ചെയ്തവരുടെ മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ഇക്കാര്യങ്ങൾ സാമൂഹ്യ പ്രവർത്തകർ അറിഞ്ഞത്.
ബിസിനസ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയപ്പോൾ കൊള്ളപ്പലിശയ്ക്ക് പണം കടം എടുത്തവരിൽ പലർക്കും അത് തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതിനിടെ പലിശക്കാരുടെ ഭീഷണിയും പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നു. ആത്മാഭിമാനമുള്ള പലരും തങ്ങൾ അകപ്പെട്ടിട്ടുള്ള പ്രതിസന്ധി കുടുംബാംഗങ്ങളോടോ, സുഹൃത്തുക്കളോടോ പോലും പങ്കു വയ്ക്കുന്നില്ല.
ആലോചനായോഗം സമാജത്തിൽ കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശിയുടെ കുടുംബത്തെ സഹായിക്കാനും പ്രവാസികൾക്കിടയിൽ അടുത്ത കാലത്തായിട്ടുള്ള ആത്മഹത്യ പ്രവണതകൾക്കെതിരെ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ബഹ്‌റൈൻ കേരളീയ സമാജത്തിൽ എല്ലാ സംഘടനകളുടെയും ആലോചനായോഗം വിളിച്ചു ചേർത്തിരിക്കുകയാണ്.
ഇന്ന് (ശനിയാഴ്ച) വൈകിട്ട് എട്ടുമണിക്ക് നടത്തപ്പെടുന്ന യോഗത്തിലേക്ക് എല്ലാ സംഘടനാ പ്രതിനിധികളും എത്തിച്ചേരണമെന്ന് ബി കെ എസ് ഭാരവാഹികൾ അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും, പ്രശ്നപരിഹാരത്തിന് മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്യുന്നതിൽ മടി വിചാരിക്കേണ്ടതില്ല എന്നും-
ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ പരസ്പരം വിഷമങ്ങൾ പങ്കുവയ്ക്കാനും , കഴിയും വിധം പരസ്പരം സഹായിക്കാനും എല്ലാവരും തയാറായാൽ ഇത്തരം ദാരുണ മരണങ്ങൾ കുറെയെങ്കിലും ഒഴിവാക്കാൻ സാധിക്കുമെന്നും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.