ഷൊർണൂർ : പോലീസിനെ പ്രതിക്കൂട്ടിലാക്കാൻ മോഷണക്കേസ് പ്രതി ജയിലിലിരുന്ന് ജഡ്ജിക്കും പോലീസ് മേധാവിക്കും കത്തെഴുതി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോർട്ടും നൽകി.
സ്ഥിരംകുറ്റവാളിയായ പ്രതിയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ അന്വേഷണറിപ്പോർട്ട്.ഷൊർണൂരിലെ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ തിരൂർ വട്ടത്താണി വേങ്ങപ്പറമ്പിൽ സുദർശനനാണ് (25) ഒരുമാസം മുമ്പ് പോലീസിനെതിരേ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിക്കും പോലീസ് മേധാവിക്കും ജയിലിൽനിന്ന് കത്തെഴുതിയത്. കേസിൽ റിമാൻഡിൽ കഴിയുമ്പോഴായിരുന്നു ഇത്.
ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന പണം പോലീസുകാർ വാങ്ങിയെന്നായിരുന്നു പരാതി. ഒരു പോലീസുകാരന്റെ പേരുൾപ്പെടെ കത്തിൽ സൂചിപ്പിച്ചിരുന്നതായി പറയുന്നു. അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ പശ്ചാത്തലവും മറ്റും കണക്കിലെടുത്തു പോലീസും കോടതിയും ഇക്കാര്യം തള്ളി.
കഴിഞ്ഞമാസം അറസ്റ്റിലായ സുദർശനന് ഉപാധികളോടെ കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ആഴ്ചയിലൊരിക്കൽ ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ.
രണ്ടാഴ്ച മുമ്പ് ഒപ്പിടാനെത്തിയപ്പോൾ പട്ടാമ്പിയിലെ പെട്രോൾ പമ്പിലെ കവർച്ചയിൽ കൂട്ടുപ്രതിയാണെന്ന സംശയത്തിൽ പോലീസ് പിടിച്ചുവെച്ചിരുന്നു. ഈ സമയത്ത് പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ പോയ സുദർശനൻ അവിടെവെച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പോലീസുകാർ ചികിത്സ നൽകുകയും സുദർശനനെ പട്ടാമ്പി പോലീസിനു കൈമാറുകയും ചെയ്തു.
ആത്മഹത്യാശ്രമത്തിനു ഷൊർണൂർ പോലീസ് കേസുമെടുത്തു. പട്ടാമ്പി സ്റ്റേഷനിലെത്തിയപ്പോൾ, പെട്രോൾ പമ്പിലെ കവർച്ചയിൽ കൂട്ടുപ്രതിയായി. ഇതറിഞ്ഞ സുദർശനൻ ചുവരിൽ തലയിടിച്ച് അക്രമാസക്തനായി. അറസ്റ്റിലായി ജയിലിലടച്ചപ്പോൾ ജയിലിൽനിന്ന് കഴുത്തു മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചതായും പോലീസ് പറയുന്നു.
സുദർശനന്റെ പേരിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മോഷണമുൾപ്പെടെയുള്ള കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.