കേരളീയം ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയുടെ പരിച്ഛേദമായി തിരഞ്ഞെടുത്ത നൂറ് സിനിമകളില്‍ തന്റെ സിനിമകള്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
തിയേറ്ററില്‍ ഒരു ഷോ പോലും ഓടാത്ത ചിത്രങ്ങളുണ്ട്. ചില സംവിധായകരുടെ രണ്ട് ചിത്രങ്ങളുണ്ട്. നാലരപ്പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നൊരാളാണ് ഞാൻ. കൂട്ടത്തില്‍ ഞങ്ങളെയും കൂട്ടാമായിരുന്നു. ഇപ്പോഴും ആ ചിത്രങ്ങളും അതിലെ കഥാസന്ദര്‍ഭങ്ങളുമെല്ലാം ഓര്‍ത്തിരിക്കുന്ന ഒരു പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. അവരെയാണ് അവഹേളിക്കുന്നത്.'
'സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്കിയ സമാന്തരങ്ങള്‍ പോലുള്ള ചിത്രങ്ങളുണ്ട്. സ്ത്രീപക്ഷ സിനിമ എന്നുപറയാവുന്ന അച്ചുവേട്ടന്റെ വീടുണ്ട്. ജനപ്രീതി നേടിയ ഏപ്രില്‍ പതിനെട്ടുണ്ട്. കെ.എസ്.എഫ്.ഡി.സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എന്റെ ചിത്രങ്ങള്‍ വരുമാനം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത മോഹന്റെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് നീതിക്ക് നിരക്കാത്തതാണ്.'
'അധാര്‍മികമാണ്. ഏമാന്മാരങ്ങ് തീരുമാനിച്ചാല്‍ മതിയോ. ഇതിന്റെ പിന്നില്‍ ആരായിരുന്നാലും ഉത്തരം തന്നേ തീരൂ', എന്നാണ് അന്ന് വീഡിയോ പങ്കുവെച്ച് ബാലചന്ദ്രമേനോൻ പറഞ്ഞത്. ഇപ്പോഴിതാ വീഡിയോ പങ്കുവെച്ചശേഷം തനിക്ക് ലഭിച്ച ജനപിന്തുണയെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോൻ.
ജനപിന്തുണ ഉണ്ടെങ്കിലെ ഒരാള്‍ക്ക് മുഖ്യമന്ത്രിയായും സൂപ്പര്‍സ്റ്റാറായും ഇരിക്കാൻ സാധിക്കൂവെന്നും അന്ന് തന്റെ സങ്കടം പങ്കുവെച്ചശേഷം പ്രേക്ഷകര്‍ തന്നെ അനുകൂലിച്ച് എഴുതിയ കമന്റുകള്‍ മുഴുവൻ വായിച്ച് തീര്‍ക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് പുതിയ വീഡിയോയില്‍ ബാലചന്ദ്രമേനോൻ പറയുന്നത്. 'എനിക്ക് ലഭിച്ചത് അവഗണനയാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് അവഗണനകള്‍ ഉണ്ടായിട്ടുണ്ട്. അതിനെ ഞാൻ കാര്യമായി എടുത്തിരുന്നില്ല.'
'അങ്ങനെ എടുത്താല്‍ മുന്നോട്ട് വരാൻ സാധിക്കില്ല. പലരും ദുഷ്ടലാക്കോടെ നമ്മുടെ കാര്യങ്ങളെ വിശകലനം ചെയ്യും. അങ്ങനെയൊക്കെ ഉണ്ടായതുകൊണ്ട് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട ഹതഭാഗ്യനാണ് ഞാൻ. അന്ന് എല്ലാത്തിനേയും ഒരു ചെറുചിരിയോടെയാണ് സ്വീകരിച്ചത്. കേരളീയത്തില്‍ ഉണ്ടായ അവഗണനയേയും അങ്ങനെയാണ് കണ്ടത്.'
'ജനപിന്തുണ ഉണ്ടെങ്കിലെ ഒരാള്‍ക്ക് മുഖ്യമന്ത്രിയായും സൂപ്പര്‍സ്റ്റാറായും ഇരിക്കാൻ സാധിക്കൂ. പ്രേക്ഷകര്‍ എന്നെ അനുകൂലിച്ച് എഴുതിയ കമന്റുകള്‍ മുഴുവൻ വായിച്ച് തീര്‍ക്കാൻ സാധിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ ഒറ്റപ്പെടുത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് അവര്‍ കമന്റുകള്‍ എഴുതിയത്.'
ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കുന്ന സ്വഭാവം നമുക്കില്ലെന്ന് പണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്താണ് ഈ വ്യക്തി ചെയ്തിട്ടുള്ളതെന്ന് മൂക്കില്‍ പഞ്ഞിവെച്ച് കിടക്കുമ്പോള്‍ മാത്രമെ പലരും എഴുതി പിടിപ്പിക്കൂ. എനിക്ക് ജീവിച്ചിരിക്കെ തന്നെ ആളുകളുടെ പിന്തുണ മനസിലാക്കാൻ അടുത്തിടെ സാധിച്ചു. എന്റെ ഊര്‍ജം പ്രേക്ഷകരാണ്.'
'എന്നെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. കേരളീയത്തില്‍ അവഗണന നേരിട്ടത് ചില കുത്സിത ബുദ്ധികളുടെ ശ്രമം കൊണ്ടാണ്.
അങ്ങനെയുള്ള ശ്രമം ഒരോ ഘട്ടത്തിലായി നടത്തിയ പലരും ഇന്ന് ഭൂമിയില്‍ ഇല്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണെന്നാണ്', ബാലചന്ദ്രമേനോൻ പറഞ്ഞത്. ഒപ്പം തന്നെ പിന്തുണച്ച് വന്ന കമന്റുകളുടെ സ്ക്രീൻഷോട്ടുകളും ബാലചന്ദ്രമേനോൻ പങ്കുവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.