സിഡ്നി: നാലു മക്കളെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് 20 വര്‍ഷം ജയിലിലടയ്ക്കപ്പെട്ട മാതാവിനെ ഒടുവില്‍ കുറ്റവിമുക്തയാക്കി കോടതി.
കാത്ലിൻ ഫോള്‍ബിഗ് എന്ന സ്ത്രീയെയാണ് ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വേല്‍സിലുള്ള ക്രിമിനല്‍ അപ്പീല്‍ കോടതി വര്‍ഷങ്ങള്‍ക്കുശേഷം വെറുതെവിട്ടത്.തന്റെ മക്കളായ പാട്രിക്, സാറ, ലൗറ, കാലെബ് എന്നിവരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 2003-ല്‍ ആണ് കാത്ലിൻ ജയിലിലായത്.
മക്കള്‍ പെട്ടെന്ന് മരിക്കുകയായിരുന്നുവെന്ന് പറഞ്ഞ ഇവര്‍, യാതൊരു വിശദീകരണവും നല്‍കിയതുമില്ല. 1989-നും 1999-നും ഇടയിലായിരുന്നു കുട്ടികളുടെ മരണം. 19 ദിവസം മുതല്‍ 18 മാസം പ്രായമുള്ളപ്പോഴായിരുന്നു കുട്ടികള്‍ മരിച്ചത്.
മക്കളുടെ മരണശേഷം കാത്ലിൻ എഴുതിയ വേദനാജനകമായ ഡയറി മുൻനിര്‍ത്തിയായിരുന്നു പ്രോസിക്യൂഷൻ ഇവര്‍ കുറ്റം ചെയ്തതായി വാദിച്ചത്. കാത്ലിൻ കുറ്റം സമ്മതിക്കുന്നുവെന്നാണ് ഡയറി സൂചിപ്പിക്കുന്നത് എന്നായിരുന്നു പോലീസിന്റെ വാദം.
മക്കളെ ശ്വാസംമുട്ടിച്ച് കൊന്നുവെന്ന് കണ്ടെത്തി ഇവരെ കുറ്റക്കാരിയായി വിധിക്കുകയും ചെയ്തു. എന്നാല്‍, ഫോറൻസിക് തെളിവുകളുടെ അഭാവത്തിലായിരുന്നു ഇത്.
''ഓസ്ട്രേലിയയിലെ ക്രൂരയായ സീരിയല്‍ കില്ലര്‍'' എന്ന് പലരും വിശേഷിപ്പിച്ച കാത്ലിൻ ഇപ്പോള്‍ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ അതിന് അവര്‍ക്ക് വേണ്ടിവന്നത് രണ്ടുപതിറ്റാണ്ടിലേറെയാണ്.
അപൂര്‍വ്വമായ ജനിതക മാറ്റങ്ങളും ജന്മനായുള്ള വൈകല്യങ്ങളുമാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന ശാസ്ത്രീയ കണ്ടെത്തലാണ് കേസില്‍ വഴിത്തിരിവായത്. ഓസ്ട്രേലിയൻ അക്കാദമി ഓഫ് സയൻസിലെ രാജ്യത്തെ മികച്ച ഗവേഷകരുടെ സഹായവും കാത്ലിന് കിട്ടി.
ഏകദേശം കാല്‍നൂറ്റാണ്ട് കാലത്തോളം ആളുകളുടെ ശത്രുതയാണ് താൻ നേരിട്ടതെന്നും എല്ലാ രീതിയിലും ക്രൂശിക്കപ്പെട്ടെന്നും കാത്ലിൻ മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ മക്കളുടെ മരണം എങ്ങനെയെന്ന ചോദ്യത്തിന് ആധുനിക ശാസ്ത്രവും ജനിതക ശാസ്ത്രവും ഉത്തരം നല്‍കിയെന്നും അവര്‍ പറഞ്ഞു. നഷ്ടപരിഹാരത്തിനുള്ള വാതിലാണ് വിധിയിലൂടെ തുറക്കപ്പെട്ടിരിക്കുന്നതെന്ന് ഇവരുടെ അഭിഭാഷകൻ റെനി റിഗോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.