ഇഷ്ട ചിത്രങ്ങളെയും താരങ്ങളെയും മനസ്സില്‍ കാത്തുസൂക്ഷിക്കുമ്പോഴും സിനിമാപ്രേമികള്‍ ബിഗ് സ്ക്രീനില്‍ കാണാന്‍ കൊതിക്കുന്ന ചില കോമ്പിനേഷനുകളുണ്ട്.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങിയ താരനിരയ്ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രണവും നിവിനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് സിനിമാപ്രേമികളെ സംബന്ധിച്ച് ഇതില്‍ ഏറ്റവും ആവേശമുണര്‍ത്തുന്ന കാര്യം.
ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു. ചുരുക്കം ലൊക്കേഷന്‍ ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്.
ഇപ്പോഴിതാ കാണികള്‍ കാത്തിരിക്കുന്ന ഒരു ഫ്രെയിം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍ നിന്നുള്ള പ്രണവ് മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെയും ചിത്രമാണ് അത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയെല്ലാം കാര്യമായി പ്രചരിക്കുന്നുണ്ട് ഈ ചിത്രം.
സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന് നേരത്തേ പറഞ്ഞത്
"ആ സിനിമയെക്കുറിച്ച് ഇപ്പോഴേ എന്തെങ്കിലും പറയാനാവില്ല. ഹൃദയത്തില്‍ തൊടുന്ന ഒരു സിനിമ ചെയ്യണമെന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം. എല്ലാ തലമുറയ്ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമ. എന്റെ അച്ഛന്റെ പ്രായത്തിലുള്ള തലമുറ മുതല്‍ 2010 ല്‍ ജനിച്ച കുട്ടികള്‍ ഉണ്ടല്ലോ, ഇപ്പോഴത്തെ കൌമാരക്കാര്‍.. അവര്‍ക്കടക്കം എല്ലാവര്ക്കും തിരിച്ചറിയാനാവുന്ന ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹം.
അതിന് ഏറ്റവും നല്ല വഴി എന്ന് പറയുന്നത് വളരെ സിംപിള്‍ ആയിട്ടുള്ള, ഒരു സ്വീറ്റ് സിംപിള്‍ ഫിലിം എടുക്കുക എന്നതാണ്. എന്റെ അച്ഛന്റെ തലമുറയിലൊക്കെ വയലന്‍സ് ഇഷ്ടമില്ലാത്ത ഒരുപാട് ആള്ക്കാര് ഉണ്ട്. അവര്‍ അത്തരം സിനിമകളിലേക്ക് പോവില്ല.
അങ്ങനത്തെ ഒരു കാര്യങ്ങളും ഇല്ലാത്ത, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണത മാത്രം സംസാരിച്ച് പോകുന്ന ഒരു സിനിമ. ഓരോ അഭിനേതാക്കളോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴും അവര്‍ ഇത് ചെയ്യില്ലായിരിക്കുമെന്നാണ് ഞാന്‍ കരുതാറ്.
സ്വന്തം കരിയര്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ സിനിമ എന്തിന് ചെയ്യണമെന്ന് അവര്‍ ചിന്തിച്ചേക്കുമെന്നൊക്കെ തോന്നും. അങ്ങനെ വിചാരിച്ചിട്ടാണ് ഓരോ ആള്‍ക്കാരെയും വിളിച്ചിട്ടുള്ളത്.
പക്ഷേ വിളിച്ച എല്ലാവരും ഈ സിനിമയിലേക്ക് വരാന്‍ സമ്മതിച്ചു. അതൊരു ഭയങ്കര ഭാഗ്യമാണ്. ഈ സിനിമയിലേക്ക് ഇത്രയും ആളുകളെ സംഘടിപ്പിക്കാന്‍ പറ്റുമെന്ന് ഞാനും വിചാരിച്ചിട്ടില്ല", വിനീത് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.