തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരളത്തിന് രണ്ട് പുതിയ മന്ത്രിമാര്‍ ഉണ്ടായേക്കും. കെ.ബി ഗണേശ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാവും മന്ത്രിമാരാവുക.
ആ വാക്ക് പാലിക്കുകയാണ് എല്‍.ഡി.എഫ്. നിലവില്‍ ഗതാഗത മന്ത്രിയായ ആന്റണി രാജുവും തുറമുഖ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലുമായിരിക്കും ഒഴിയുക.
ഗണേശിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവും കിട്ടാനാണ് സാദ്ധ്യതയേറെ. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിക്കുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കടന്നപ്പള്ളി തുറമുഖ മന്ത്രിയാവുന്നതിനോട് അദാനിക്ക് എതിര്‍പ്പാണ്. നേരത്തേ തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ വൈകിയതിന് കരാറില്‍ പറഞ്ഞിരുന്ന പിഴത്തുക അദാനിയില്‍ നിന്ന് ഈടാക്കാൻ കടന്നപ്പള്ളി ശ്രമിച്ചതാണ് ഈ എതിര്‍പ്പിന് കാരണം.
അന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഈ നീക്കം തടഞ്ഞത്. അതിനാല്‍ വകുപ്പുകളുടെ മാറ്റത്തിന് സാദ്ധ്യതയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ 21ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോവും. അവിടെ നിന്ന് ഉത്തര്‍പ്രദേശിലെത്തി വിവിധ പരിപാടികളില്‍ പങ്കെടുക്കും.
വീണ്ടും ഡല്‍ഹിയിലെത്തിയ ശേഷം 28ന് വൈകിട്ട് രാജ്ഭവനില്‍ മടങ്ങിയെത്തും. 29ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുണ്ടാവാനിടയുണ്ട്.
സത്യപ്രതിജ്ഞ സംബന്ധിച്ച സര്‍ക്കാര്‍ കത്ത് ഇതുവരെ രാജ്ഭവനില്‍ ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാല്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താൻ ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 29നോ 30നോ സത്യപ്രതിജ്ഞയുണ്ടാവുമെന്നാണ് രാജ്ഭവനും പ്രതീക്ഷിക്കുന്നത്. 24ന് ചേരുന്ന ഇടതുമുന്നണി യോഗമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
നവകേരള സദസ് കഴിയുന്നതോടെ ചേരുന്ന മന്ത്രിസഭാ യോഗം ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനുമുള്ള അവസാന മന്ത്രിസഭാ യോഗമാവാനാണ് സാദ്ധ്യത. ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
23ന് അവസാനിക്കുന്ന നവേകരളസദസിന് ശേഷം പിറ്റേന്ന് രാവിലെ 10:30ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങളുണ്ടാവും. സത്യപ്രതിജ്ഞ തീയ്യതിയും അന്ന് തീരുമാനിക്കും.
മുന്നണിയിലെ മുൻധാരണപ്രകാരം ആന്റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് മാറ്റി വച്ച നവകേരള സദസില്‍ പുതിയ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ നവംബര്‍ 19ന് ഇടതു സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് മുൻധാരണ പ്രകാരമുള്ള മാറ്റങ്ങള്‍ മന്ത്രിസഭയില്‍ വരുത്തുന്നത്.
നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം നല്‍കാനായിരുന്നു സര്‍ക്കാര്‍ രൂപീകരണ സമയത്തെ ധാരണ. നവകേരള സദസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ പുനഃസംഘടന നീട്ടി വയ്ക്കുകയായിരുന്നു.
അതേസമയം കോവൂര്‍ കുഞ്ഞുമോൻ, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവര്‍ മന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഇടതുമുന്നണി പരിഗണിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.