കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് കിട്ടാതായത് അദാനിയുടെ എതി‌ര്‍പ്പ് കാരണം. തുറമുഖ നിര്‍മ്മാണം വൈകിയതിന് ദിവസേന 12 ലക്ഷം പിഴ ഈടാക്കാനൊരുങ്ങിയത് എതിര്‍പ്പിന് കാരണം. തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തതോടെ അദാനി ഹാപ്പി. വകുപ്പ് മാറ്റമുണ്ടാവില്ലെന്ന വാക്ക് വിഴുങ്ങി മുഖ്യമന്ത്രി,,

തിരുവനന്തപുരം: അഹമ്മദ് ദേവര്‍കോവിലിന് പകരം മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പ് കിട്ടാതിരിക്കാൻ കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന അദാനിയുടെ എതിര്‍പ്പാണ്..നേരത്തേ മന്ത്രിയായിരുന്നപ്പോള്‍ തുറമുഖ നിര്‍മ്മാണം വൈകുന്നതിന്റെ പേരില്‍ അദാനിയുമായി കൊമ്പ്കോര്‍ത്തിരുന്നു. പാറ കിട്ടാത്തതിനാല്‍ തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മ്മാണം വൈകിയതായിരുന്നു കാരണം. 

അന്ന് അദാനിയില്‍ നിന്ന് ദിവസക്കണക്കില്‍ പിഴയീടാക്കാൻ കടന്നപ്പള്ളി ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടായിരുന്നു അന്ന് അദാനിയില്‍ നിന്ന് പിഴ ഈടാക്കുന്നത് തടഞ്ഞത്. 

തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുക്കുകയും വി.എൻ വാസവൻ മന്ത്രിയായി എത്തുകയും ചെയ്യുന്നത് അദാനിക്കും സന്തോഷകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നത്.

തുറമുഖ നിര്‍മ്മാണം വൈകിയാല്‍ പ്രതിദിനം 12ലക്ഷം രൂപ പിഴയൊടുക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ഇതു പ്രകാരമാണ് പിഴ ഈടാക്കാൻ കടന്നപ്പള്ളി ശ്രമിച്ചത്. 

ഓഖി, പ്രളയം, പാറക്ഷാമം, കൊവിഡ്, സമരങ്ങള്‍ എന്നിവ കാരണമാണ് നിര്‍മ്മാണം വൈകിയതെന്ന അദാനിയുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെ അദാനി, ആര്‍ബിട്രേഷൻ ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിനിടയിലാണ് കടന്നപ്പള്ളി പിഴയീടാക്കാൻ ശ്രമിച്ചത്. ഇത് അദാനിക്ക് വലിയ ക്ഷീണമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ കാലാവധി നീട്ടിനല്‍കണമെന്ന് അദാനി ആവശ്യപ്പെട്ടത് അങ്ങനെയാണ്. 

ഗവര്‍ണര്‍ അംഗീകരിച്ച, മന്ത്രിമാരുടെ പുതിയ വകുപ്പുകള്‍ ഇവയാണ്. രാമചന്ദ്രൻ കടന്നപ്പള്ളി- രജിസ്ട്രേഷൻ, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ്. കെ.ബി. ഗണേഷ് കുമാര്‍- റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം. വി.എൻ വാസവൻ- തുറമുഖം, സഹകരണം.

ആയിരം ദിവസം കൊണ്ട് തുറമുഖം പണിയുമെന്ന് കരാറൊപ്പിടുമ്ബോള്‍ അവകാശപ്പെട്ട ഗൗതംഅദാനി, കൊവിഡും കാലാവസ്ഥാ പ്രതിസന്ധിയും പാറദൗര്‍ലഭ്യവും കാരണം മൂന്നുകൊല്ലം കൂടി കരാര്‍കാലാവധി നീട്ടിചോദിച്ചു. 1460 ദിവസം കൊണ്ട്, 2019 ഡിസംബര്‍ 3ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു കരാര്‍. 

കരാര്‍ കാലാവധിക്കുള്ളില്‍ തുറമുഖനി‌ര്‍മ്മാണത്തിന്റെ പകുതിപോലും തീര്‍ക്കാനായില്ല. 270 ദിവസം കൂടി നീട്ടിനല്‍കിയിട്ടും ഫലമുണ്ടായില്ല. പിന്നീടുള്ള ഓരോദിവസത്തിനും പ്രതിദിനം 12 ലക്ഷം രൂപ അദാനി സര്‍ക്കാരിന് പിഴയടയ്ക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. കമ്പിനി സര്‍ക്കാരിനുനല്‍കിയിട്ടുള്ള ഗാരന്റി തുകയില്‍നിന്നാണ് ഈ തുക ഈടാക്കുന്നത്. 

2023 ഡിസംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ട്രൈബ്യൂണലിനെ അദാനി അറിയിച്ചെങ്കിലും പണി ഇനിയും തീര്‍ന്നിട്ടില്ല. പദ്ധതി പ്രദേശത്തേക്ക് റെയില്‍-റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നതും അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതും സര്‍ക്കാ‌ര്‍ വൈകിച്ചെന്നാണ് അദാനിയുടെ കുറ്റപ്പെടുത്തല്‍. 

സി.എസ്.ഐ സഭയുടെ പ്രതിഷേധവും കാരണമായി ചൂണ്ടിക്കാട്ടി. രണ്ട് പ്രളയങ്ങള്‍, ചുഴലിക്കാറ്റുകള്‍, നാട്ടുകാരുടെ പ്രതിഷേധം എന്നിവയും കാരണമായി. കല്ലിനായി ക്വാറി അനുവദിക്കുന്നതില്‍ കാലതാമസവും അനുവദിച്ച ക്വാറികളില്‍നിന്ന് പാറ പൊട്ടിച്ചെടുക്കാൻ നിയമതടസങ്ങളുമുണ്ടായി. 

2015 ഡിസംബറിലാണ് അദാനി നിര്‍മ്മാണം തുടങ്ങിയത്. തൂത്തുക്കുടി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് പാറയെത്തിച്ചാണ് പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയത്. ടൗഠേ ചുഴലിക്കാറ്റിലും വേലിയേറ്റത്തിലും പുലിമുട്ടും ബണ്ട് റോഡും തകര്‍ന്ന് 100 ടണ്‍ പാറക്കല്ലുകള്‍ ഒഴുകിപ്പോയി. 

900 മീറ്റര്‍ പുലിമുട്ട് നിര്‍മ്മിച്ചതില്‍ 175 മീറ്റര്‍ പൂ‌ര്‍ണമായി കടലില്‍ പതിച്ചു. അതിശക്തമായ കടല്‍ക്ഷോഭത്തില്‍ 60 മീറ്റര്‍ പുലിമുട്ട് തകര്‍ന്നു. അടിത്തട്ടില്‍ നിന്ന് 120 മീറ്റര്‍ വീതിയില്‍ അടുക്കിയിരുന്ന പാറക്കല്ലുകള്‍ കടലില്‍ ഒലിച്ചുപോയി - ഇതൊക്കെയായിരുന്നു അദാനിയുടെ ന്യായങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !