തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസ് മേധാവിക്ക് പരാതി.
ഗവര്‍ണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാര്‍ക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായില്‍ നിന്ന് വീഴാൻ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്ഐ നേതാവിന്റെ സ്വരത്തില്‍ ഒരു മന്ത്രി സംസാരിക്കാൻ പാടില്ല-സന്ദീപ് വാചസ്പതി അറിയിച്ചു.
മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവര്‍ണറെ ആക്രമിക്കാൻ പ്രേരണ നല്‍കിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.
നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ.യെ പിന്തുണച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. ഈ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് കൊടുത്തത്.
കലാലയങ്ങളിലെ കാവിവത്കരണത്തെ ചെറുക്കുന്ന എസ്.എഫ്.ഐ.ക്ക് പ്രതിപക്ഷം ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ബിജെപി.യുടെ പ്രതിപക്ഷനേതാവ് എങ്ങനെയാണോ പ്രവര്‍ത്തിക്കുക അതിലും ഭംഗിയായാണ് വി.ഡി. സതീശൻ ബിജെപി.യുടെ രാഷ്ട്രീയം പയറ്റുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു.
റിയാസിന്റെ പ്രതികരണം ചുവടെ
നമ്മുടെ രാജ്യത്ത് സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കുക, കാവിവത്കരിക്കുക എന്നത് എങ്ങനെയാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ബിജെപി.- ആര്‍എസ്എസ്. നേതൃത്വം അവരുടെ പ്രതിനിധികളെ സര്‍വകലാശാലകളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ കുത്തിക്കയറ്റാറുണ്ട്.
അതിനു സമാനമായി കേരളത്തിലെ സര്‍വകലാശാലകളിലും നീക്കങ്ങള്‍ നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് നേതാവായ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു.വും അതിനെതിരെ പ്രതികരിക്കുന്നില്ല എന്നുമാത്രമല്ല ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെ അതിശക്തമായി അപലപിക്കാനും അക്രമിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്, മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ നിയമസഭയില്‍ ബിജെപി.യുടെ അക്കൗണ്ട് പൂട്ടിക്കാൻ ഞങ്ങള്‍ക്ക് സാധിച്ചു. പക്ഷേ, കേരളത്തിലെ നിയമസഭയില്‍ ബിജെപി.യുടെ രാഷ്ട്രീയ അക്കൗണ്ട് പൂട്ടിക്കാൻ പറ്റിയിട്ടില്ല.
പ്രതിപക്ഷനേതാവിനെ പോലെയുള്ളവര്‍ കേരളത്തിലെ നിയമസഭയില്‍ നിന്നുകൊണ്ട് ബിജെപി. രാഷ്ട്രീയം പയറ്റുകയാണ്.
നിയമസഭയ്ക്കകത്തും നിയമസഭയ്ക്കു പുറത്തും അതാണ് കാണുന്നത്. എ.ബി.വി.പി. എന്ന വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കേരളത്തിലെ കലാലയങ്ങളില്‍ വലിയ നിലയില്‍ തിരിച്ചടിയേല്ക്കാറുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മതനിരപേക്ഷ മനസ്സാണ്.
എന്നാല്‍, എ.ബി.വി.പി. ആഗ്രഹിക്കുന്ന രാഷ്ട്രീയം കെ.എസ്.യു പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനകളേക്കൊണ്ട് ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുക്കുന്നത്.
കാവി-വര്‍ഗീയവത്കരണ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന എസ്.എഫ്.ഐ. പോലെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കാൻ യഥാര്‍ഥത്തില്‍ ഉത്തരവാദിത്വമുള്ള മതനിരപേക്ഷത നിലനില്ക്കുന്നു എന്ന് പറയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.