തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടുകയും അതേ വിഷയത്തില്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരാതിപ്പെടാനാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തിലാണു സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരേ നിലപാട് കടുപ്പിക്കുന്നത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. പിന്നീട്, നിയമസഭ ബില്‍ പാസാക്കിയപ്പോള്‍ ഒപ്പിട്ടില്ല.
ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം നല്കിയ മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന്തന്നെയാണ് ഈ ഇരട്ടത്താപ്പിനെതിരേയും പരാതിപ്പെടാന്‍ നിര്‍ദേശിച്ചത്. സുപ്രീം കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന കെ.കെ. വേണുഗോപാലും ഇതേ നിലപാടിലാണ്.
ഓര്‍ഡിനന്‍സ് അംഗീകരിക്കുകയും അത് ബില്ലാകുമ്പോള്‍ തടഞ്ഞുവച്ച് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് നിയമസഭയെ അപമാനിക്കുന്നതിനു തുല്യമാണെന്നാണു നിയമോപദേശം.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം മുഖ്യമന്ത്രിക്കെതിരായ പരാതികളുടെ മേലധികാരി ഗവര്‍ണറായിരുന്നു. ബില്ലില്‍ ആ അധികാരം നിയമസഭയ്ക്കാണ്. ഇതാണു ബില്ലിന് അംഗീകാരം നിഷേധിക്കാന്‍ കാരണമെന്നാണു രാജ്ഭവന്റെ വിശദീകരണം.
മുഖ്യമന്ത്രി സഭാനേതാവായിരിക്കേ അദ്ദേഹത്തിനെതിരായ പരാതി എങ്ങനെ നിയമസഭ പരിഗണിക്കുമെന്നാണു ഗവര്‍ണറുടെ ചോദ്യം. ലോക്പാല്‍ ബില്ലിന്റെ ചുവടുപിടിച്ചാണ് ഈ ഭേദഗതിയെന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.