തിരുവനന്തപുരം: സംഗീതത്തിലൂടെ ഗര്‍ഭസ്ഥശിശുവിനെയും പാട്ടിലാക്കാമെന്ന കണ്ടെത്തലിലാണ് ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലെ ഡോ.പി.എം.വെങ്കിടസായി.തിരുവനന്തപുരത്തു നടന്ന ഐ.എം.എ. ദേശീയസമ്മേളനത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് സംഗീതത്തിലൂടെയുണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ച് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.
സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസം ഉറപ്പിക്കാനാകുമെന്നാണ് പഠനം. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസം, ബുദ്ധി, ശ്രവണമികവ്, പ്രസവാനന്തരമുള്ള കുഞ്ഞിന്റെ ഉറക്കം എന്നിവയെല്ലാം മാപ്സ് ഉപകരണം ഉപയോഗിച്ചുള്ള ബയോഫിസിക്കല്‍ പ്രൊഫൈല്‍ അസെസ്മെന്റിലൂടെ വര്‍ധിപ്പിക്കാനാകും.
സംഗീതത്തെയും വൈദ്യശാസ്ത്രത്തെയും സംയോജിപ്പിച്ചുള്ള മെഡി മ്യൂസിക്ടെക് എന്ന പ്ലാറ്റ്ഫോം വഴി മാപ്സ് എന്ന ഉപകരണത്തിന്റെ സഹായത്താലാണ് പഠനം. മ്യൂസിക് ആൻഡ് സൗണ്ട്സ് അസിസ്റ്റഡ് പ്രിനേറ്റല്‍ സൊണോഗ്രഫി (മാപ്സ്) ഹെല്പിങ് ഉപകരണത്തില്‍ രണ്ട് എം.പി.ത്രി. പ്ലെയറുകളാണുള്ളത്.
ഒന്നില്‍ പാട്ടും മറ്റേതില്‍ കുഞ്ഞിന്റെ അമ്മയുടെ ശബ്ദവും റെക്കോഡ് ചെയ്യും. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദനം, ശ്വസനനിരക്ക് എന്നിവ കുറവാണെങ്കില്‍ അത് വര്‍ധിപ്പിക്കാനും മാപ്സിലൂടെ കഴിയുമെന്നും ഡോ. വെങ്കിടസായി പറയുന്നു.
ഗര്‍ഭിണിയുടെ ഉദരത്തില്‍ ഹെഡ്ഫോണ് വച്ച് അഞ്ചുമിനിട്ടോളം പാട്ട് കേള്‍പ്പിക്കും. ശേഷം മുൻകൂട്ടി റെക്കോഡ് ചെയ്ത അമ്മയുടെ ശബ്ദവും ഹെഡ്ഫോണിലൂടെ കേള്‍പ്പിക്കും. ഈ സമയത്ത് കുഞ്ഞിന്റെ ഹൃദയസ്പന്ദനം, ശ്വസനനിരക്ക്, അമ്നിയോട്ടിക് ദ്രവത്തിന്റെ അളവ്, മറ്റു ചലനങ്ങള്‍ എന്നിവ കൃത്യമായ രീതിയില്‍ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഇതും മാപ്സിന്റെ സഹായത്തോടെ റെക്കോഡ് ചെയ്യപ്പെടും.
ഗര്‍ഭസ്ഥശിശുവിന്റെ ശാരീരികവും ബൗദ്ധികവും വൈകാരികവുമായ തലങ്ങളുടെ വികാസത്തെ സംഗീതം സ്വാധീനിക്കുമെന്നാണ് ഈ പഠനത്തിലൂടെ ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. കുഞ്ഞിന് ശ്രവണവൈകല്യമുണ്ടെങ്കില് ഇതിലൂടെ തിരിച്ചറിയാനും സാധിക്കുമെന്ന് ഡോ.വെങ്കിടസായി പറയുന്നു. മൂന്നുമാസം തികഞ്ഞ 90 പേരില്‍ 2018-ലാണ് മാപ്സ് ഉപയോഗിച്ചുള്ള പഠനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.