തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമുറ്റം തുടര്‍ച്ചയായ രണ്ടാം ദിവസവും പോര്‍ക്കളമായി മാറുന്നതാണു ജനത്തിനു കാണാനായത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടികാട്ടിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.
സമരക്കാര്‍ക്കും പോലീസിനും പുറമേ നിരവധി വഴിയാത്രക്കാര്‍ക്കും സംഘര്‍ഷത്തിനിടെ പരുക്കേല്‍ക്കുകയുണ്ടായി. വാഹനങ്ങള്‍ ഉള്‍പ്പെടെ പലതും തകര്‍ക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനു ഇറങ്ങിയത്. വലിയ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞമാസം 18 നു മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട നവകേരള സദസ് ആരംഭിച്ചത്. തുടക്കം മുതല്‍ പ്രതിപക്ഷ സംഘടനകള്‍ പരിപാടിക്കെതിരേ വിമര്‍ശനം ഉയര്‍ത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രതിഷേധക്കാരെ നേരിട്ടരീതി വ്യാപക എതിര്‍പ്പുകള്‍ക്കു കാരണമായിമാറി. കണ്ണൂര്‍ പഴയങ്ങാടിയില്‍ തനിക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡി.വൈ.എഫ്.ഐ. അംഗങ്ങളെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നേരിട്ടു രംഗത്തുവന്നപ്പോള്‍ അമ്പരന്നുപോകാത്തവര് ഉണ്ടാകില്ല. പോലീസിന്റെ ജോലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വിട്ടുകൊടുക്കുന്ന രീതിയിലുള്ള സമീപനമെന്നു വിമര്‍ശിക്കപ്പെട്ടു. പ്രതിഷേധിച്ചവര്‍ക്കെതിരായ ക്രൂരമര്‍ദനത്തെ രക്ഷാപ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ തികച്ചും അപഹാസ്യമായി മാറി. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്മാന് അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമയി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തലതല്ലിപ്പൊളിക്കുന്ന നിലയിലേക്കു കാര്യങ്ങള്‍ വഷളായി. യാത്ര കൊല്ലം ജില്ലയില്‍ എത്തിയതോടെയാണ് അടിയും തിരിച്ചടിയും കൂടതല്‍ കനത്തത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്ത് പോലീസിനേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരേയും നേരിട്ടു. ഇതിന്റെ തുടര്‍ച്ചയാണു തലസ്ഥാനത്ത് ഉണ്ടായ സംഘര്‍ഷം. ഇതിനിടയില്‍, നവകേരളയാത്രയ്ക്കും മുഖ്യമന്ത്രിക്കും നേരേ കരിങ്കൊടി കാണിക്കുന്നവരെ കായികമായി നേരിടാന്‍ ഇറങ്ങിയവര്തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കരിങ്കൊടി ഉയര്‍ത്തുന്ന ഇരട്ടത്താപ്പുമുണ്ടായി.
നിരത്തില്‍ പ്രതിപക്ഷവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരവേ ഇരുപക്ഷത്തുമുള്ള നേതാക്കളുടെ വാക്കുകളില്‍ നിറയുന്നതും വെല്ലുവിളിയും പരിഹാസവും മാത്രം. ഒറ്റയ്ക്കു പോകുമ്പോള്‍ തനിക്കു നേരേ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനല്ത്താവളങ്ങളില്ക്കൂടി പോലീസ് സംരക്ഷണയില്ലാതെ നടന്നുപോയ ആളാണു താനെന്നും വര്‍ക്കലയില്‍ നവകേരള സദസില്‍ പ്രസംഗിക്കേ മുഖ്യമന്ത്രി പറയുകയുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവിനെതിരേ കലാപാഹ്വാനത്തിനടക്കം പോലീസ് കേസ് എടുക്കുകയുണ്ടായി. "ഞാന്‍ പേടിച്ചുപോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം", എന്നാണ് ഇതിനു പ്രതികരണമായി വി.ഡി സതീശന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. യഥാര്‍ഥത്തില്‍ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ പേടിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരും ചെയ്യുന്നത്. അക്രമവും വെല്ലുവിളിയും അടിച്ചമര്‍ത്തലും കേരളത്തിന് ഒരുതരത്തിലും ഗുണകരമാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.