കട്ടപ്പന: ഉപ്പുതറ എസ്ഐ കെ ഐ നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്. കട്ടപ്പന എസ്.ഐ. ആയിരുന്ന നസീർ ഉപ്പുതറ പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ താർക്കാലിക ചുമതലയോടെ ഉപ്പുതറയിലെത്തിയത്.
കഴിഞ്ഞ 13ന് വൈകിട്ട് മേരികുളം ടൗണിനു സമീപം വാഹനത്തിൽ മദ്യപിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്തതിനെ ചൊല്ലി സംഘർഷമുണ്ടാകുകയും രണ്ടു പേർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് സമീപവാസിയായ വീട്ടുടമസ്ഥന് എതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിക്ക് അനുകൂലമായ റിപോർട്ട് നൽകുന്നതിനാണ് എസ് ഐ കൈക്കൂലി വാങ്ങിയത്. 10,000 രൂപയാണ് നസീർ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈപ്പറ്റിയത്. അന്വേഷണത്തിൽ അനുകൂലമായ റിപോർട്ട് നൽകണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കൾ 16ന് സ്റ്റേഷനിൽ എത്തി എസ്ഐയെ കണ്ടു. എസ്ഐ ഇവരോട് തൻറെ താമസ സ്ഥലത്തു എത്താൻ ആവശ്യപ്പെടുകയും അവിടെ വച്ച് 10000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. പിറ്റേന്ന് പ്രതി കീഴടങ്ങുകയും കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
കൈക്കൂലി നൽകിയ വിവരം പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപോർട്ട് നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി . ഡി.വൈ.എസ്പിയുടെ അന്വേഷണത്തിൽ എസ്.ഐ. കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി. ഇതു വ്യക്തമാക്കി നൽകിയ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.