കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛന് അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി.
ജസ്റ്റിസുമാരായ അനു ശിവരാമന്, സി പ്രതീപ് കുമാര്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മലപ്പുറം ഒതുക്കുങ്ങലിലുള്ള ക്ലിനിക്ക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഹാദിയയെ ഫോണില്‍ ബന്ധപ്പെടാനുള്ള തന്റെ ശ്രമങ്ങള്‍ വൃഥാവിലായെന്നും അവര്‍ നടത്തിവന്നിരുന്ന ഹോമിയോ ക്ലിനിക്കും പൂട്ടിയിരിക്കുകയാണെന്നും അശോകന് ഹര്‍ജിയില്‍ പറയുന്നു.
അതിനാല്‍ ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് പുറപ്പെടുവിക്കണമെന്നാണ് പിതാവ് അശോകന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഹാദിയയും ജഹാനും തമ്മിലുള്ള വിവാഹം കടലാസില്‍ മാത്രമാണെന്നും യഥാര്‍ത്ഥ വൈവാഹിക ബന്ധമില്ലെന്നും ഇപ്പോഴത്തെ ഹര്‍ജിയില്‍ അശോകന് വാദിച്ചു. മെഡിസിന് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഹാദിയ ആരംഭിച്ച ഹോമിയോപ്പതി ക്ലിനിക്ക് എപ്പോഴോ പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയ മാനസികമായും ശാരീരികമായും രോഗിയാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു. ചില വാര്‍ത്തകള്‍ അനുസരിച്ച്, ഹാദിയ ഷഫീന് ജഹാനില്‍ നിന്നും വിവാഹമോചനം നേടുകയും ഇപ്പോള്‍ വീണ്ടും വിവാഹിതയായെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. അശോകനു വേണ്ടി അഭിഭാഷകരായ സി രാജേന്ദ്രന്, ബി കെ ഗോപാലകൃഷ്ണന്, ആര് എസ് ശ്രീദിവ്യ, മനു എം എന്നിവര്‍ ഹാജരായി.
2016ല്‍ ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതും മുസ്ലീമായ ഷഫീന് ജഹാനുമായുള്ള വിവാഹവും രാജ്യത്തുടനീളം വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.