കൊച്ചി: നവകേരള സദസിനിറങ്ങിയ സര്‍ക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുളളില്‍ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നത്.പണപ്പിരിവുമുതല്‍ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. തലനാരിഴയ്ക്കാണ് കടുത്ത വിമര്‍ശനങ്ങളില്‍ നിന്ന് പലപ്പോഴും സര്‍ക്കാര്‍ തത്രപ്പെട്ട് തലയൂരിയത്.
നവകേരളസദസിനെ വിമര്‍ശിച്ചവരെ വാക്കുകൊണ്ടും പരസ്യമായി പ്രതിഷേധിച്ചവരെ ലാത്തികൊണ്ടും സര്‍ക്കാര്‍ ഒതുക്കിയെങ്കിലും കോടതിമുറികളില്‍ പലപ്പോഴും ഉത്തരം മുട്ടി.
നഗരസഭകളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും പണം നല്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഉത്തരവിട്ടതാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ കൗണ്‍സില്‍ അംഗീകാരം ഇല്ലാതെ നയാപൈസ നല്‍കരുതെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് വന്നു.
നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന നിര്‍ദേശത്തിനാണ് കോടതിയില്‍ സര്‍ക്കാരിന് രണ്ടാമത് തിരിച്ചടിയേറ്റത്. സ്കൂള്‍ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് പോകാനുളളതാണെന്ന് കോടതി കടുത്ത നിലപാടെടുത്തതോടെ സര്‍ക്കാരിന് ഉത്തരം മുട്ടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്ര പരിസരത്ത് നവകേരള സദസ് നടത്താനുളള സര്‍ക്കാര്‍ തീരുമാനമാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടത്. ഇതിലും പിണറായി വിജയനും കൂട്ടര്‍ക്കും കൈപൊളളി. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലെ പന്തല്‍ അഴിക്കാനുളള ഉത്തരവ് വന്നതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് സര്‍ക്കാരിനും മനസിലായി.
ഇതോടെ കൊല്ലത്തെതന്നെ രണ്ടു ക്ഷേത്ര പരിസരത്തെ പരിപാടി രായ്ക്കാരാമനം മറ്റൊരിടത്തേക്ക് മാറ്റി. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലും നവകേരള സദസ് സംഘടിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടിയേറ്റു.
സ്കൂള്‍ മതിലുകള്‍ പൊളിച്ച് പിണറായിക്ക് വഴിയൊരുക്കിയതിലും കോടതിയുടെ നാവിന്റെ ചൂടറിഞ്ഞു. നവകേരള സദസിന്റെ പേരിലുളള പണപ്പിരിവ് ചോദ്യം ചെയ്തും ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. പണപ്പിരിവില്ലെന്നം സ്പോണ്സര്ഷിപ്പാണെന്നും വ്യക്തതവരുത്തിയാണ് അന്ന് സര്‍ക്കാര്‍ തലയൂരിയത്.
അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപിക്കും. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും.
കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.