കൊച്ചി: അഡ്വഞ്ചര്‍ റിസോര്‍ട്ടിലെ സുരക്ഷാവീഴ്ച മൂലം രണ്ട് മക്കളും നഷ്ടപ്പെട്ട ദമ്പതികള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
റിസോര്‍ട്ട് മാനേജ്മെന്റിന്റെ വീഴ്ച മൂലം സംഭവിച്ച അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്, ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
2020 ഒക്ടോബര്‍ മാസത്തിലാണ് ദമ്പതികളുടെ മക്കളായ നിതിന്‍ പ്രകാശ് (24), മിഥുന് പ്രകാശ് (30 )എന്നിവര്‍ മഹാരാഷ്ട്രയിലെ പൂനയില്‍ കരന്തി വാലി അഡ്വഞ്ചര്‍ ആന്‍ഡ് ആഗ്രോ ടൂറിസം റിസോര്‍ട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് പോയത്.
റിസോര്‍ട്ടിലെ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ വെള്ളത്തില്‍ മുങ്ങി അപകടം സംഭവിക്കുകയായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും പരിചയസമ്പന്നരായ ഗൈഡുമാരെ നിയമിക്കുന്നതിലും റിസോര്‍ട്ട് മാനേജ്മെന്റിന് വീഴ്ച സംഭവിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
പൂനെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍, റിസോര്‍ട്ടില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നുമുള്ള കണ്ടെത്തല്‍ കോടതി പരിഗണിച്ചു.
ചെറുപ്രായത്തില്‍ ദാരുണമായ ദുരന്തത്തിലൂടെ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ മുറിവുണക്കാന്‍ എത്ര തുക നഷ്ടപരിഹാരമായി അനുവദിച്ചാലും കഴിയില്ല. എന്നാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് കനത്ത പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി, നഷ്ടപരിഹാരമായി ഒരു കോടി 99 ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും 30 ദിവസത്തിനകം നല്‍കണമെന്ന് റിസോര്‍ട്ട് ഉടമകള്‍ക്ക് ഉത്തരവ് നല്കി.
മരണപ്പെട്ടവര്‍ക്ക് നീന്തല്‍ വശമില്ലാതിരുന്നു എന്ന് നിരീക്ഷിച്ച കോടതി, ഇത്തരം ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ പാഠങ്ങള്‍ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നതിനു ശേഷം ഉപഭോക്തൃ തര്‍ക്ക പരിഹാര കേസുകളില്‍ അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ഷൗക്കത്ത് ഹു,സൈന്‍ കോടതിയില്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.