തിരുവനന്തപുരം: ശനിയാഴ്ച രാത്രി ആരംഭിച്ച തോരാമഴ ഞായറാഴ്ചയും നീണ്ടതോടെ തലസ്ഥാനം വെള്ളക്കെട്ടുഭീതിയിൽ. മഴ കനത്തുപെയ്തില്ലെങ്കിലും തോരാതെ തുടരുന്നതിനാൽ അധികൃതർ മുൻകരുതലുകളെടുത്തുതുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായാണ് റിപ്പോർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ സുരക്ഷാ മുൻകരുതലായി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു.മലയോര മേഖലയിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമുണ്ടാകും.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഞായറാഴ്ച യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. വനംവകുപ്പിനു കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് അറിയിച്ചു.
ജില്ലാ കളക്ടർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്നും അധികൃതർ അറിയിച്ചു. നെയ്യാർഡാമിന്റെ നാല് ഷട്ടറുകൾ നിലവിൽ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും വീണ്ടും ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നഗരത്തിൽ സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ഗൗരീശപട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. അതേസമയം, ഈ ഭാഗത്തെ നെല്ലിക്കുഴി പാലത്തിനു വശത്ത് അടിയുന്ന മണ്ണ് അപ്പപ്പോൾ ജെ.സി.ബി. ഉപയോഗിച്ച് നീക്കുന്നതിനാൽ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളക്കെട്ടിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലെടുത്ത തീരുമാനപ്രകാരമാണ് ഇവിടെ ജെ.സി.ബി.യുടെ സേവനം തുടരുന്നത്.
തിങ്കളാഴ്ചയും മഴ തുടർന്നാൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് താഴ്ന്നപ്രദേശങ്ങളും ആമയിഴഞ്ചാൻതോടിന്റെ തീരത്തെ സ്ഥലങ്ങളും. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.