കൊച്ചി: രാജാവാണെന്ന് സ്വയം നമ്മളിൽ പലരും തെറ്റിദ്ധിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൻറെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ പരാമർശം ശ്രദ്ധേയമാകുന്നത്.കല്ലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ രാജാവാണ്, ഞാൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു.
പ്രായമായവരുടെ കാര്യം വരുമ്പോൾ സ്വന്തം അച്ഛനോ അമ്മയ്‌ക്കോ ഉണ്ടാകുന്ന ബുദ്ധിമുട്ടായി കണ്ടുവേണം അതിനെ സമീപിക്കാൻ. എന്റെ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരമ്മയ്ക്ക് കൊടുക്കുമ്പോഴാണ് ഞാൻ മനുഷ്യനാകുന്നത്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ചുറ്റും കാണുന്ന പല കാര്യങ്ങളിലും നാം കണ്ണടയ്ക്കാറാണ് പതിവ്. അത് എളുപ്പമാണ്. കാണുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട്. കാരണം, അതിനെ എതിർക്കാൻ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തികൾ നമുക്ക് എതിരാകും. അത് അങ്ങനെയാണ്.
മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുക എന്നതിനാണ് ഇന്നത്തെ കാലത്ത് ഏറ്റവും ബുദ്ധിമുട്ട്. നമുക്ക് ലഭിക്കുന്ന അധികാരം ജനങ്ങളുടെ വിശ്വാസ്യതയാണ്. താൻ വഴി മറ്റൊരാൾക്ക് നല്ലത് വരണമെങ്കിൽ താൻ തന്നെ പഴി കേൾക്കേണ്ട കാലമാണ്. കാരണം, നമ്മൾ നമുക്ക് വേണ്ടിമാത്രം ജീവിക്കുന്നതുകൊണ്ടായിരിക്കാം. താൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹെെക്കോടതി തോന്നുന്നത് പറയുമെന്ന് മുഖ്യമന്ത്രയുടെ പരാമർശത്തിന് പിന്നാലെയാണ് ദേവൻ രാമചന്ദ്രന്റെ പ്രസംഗം ചർച്ചയാകുന്നത്. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സർക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങൾ അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. 78 വയസ്സുപിന്നിട്ട മറിയക്കുട്ടിയെപ്പോലുള്ള മുതിർന്നപൗരർ വി.ഐ.പി.കളാണ്. കോടതിക്ക് ഇവർക്കൊപ്പം നിന്നേപറ്റൂ.
മറിയക്കുട്ടിയെപ്പോലെ ആയിരങ്ങളാണുള്ളത്. മറ്റു വരുമാനമാർഗമില്ലാത്ത മറിയക്കുട്ടിക്ക് സർക്കാർ പെൻഷൻ നൽകണം. ഇതിനു കഴിയില്ലെങ്കിൽ മൂന്നുമാസത്തെ അവരുടെ ചെലവ് ഏറ്റെടുക്കണം. വിധവാപെൻഷനടക്കം നൽകാൻ പണമില്ലെന്ന് പറയുമ്പോഴും സർക്കാരിന്റെ ആഘോഷങ്ങൾക്കൊന്നും മുടക്കമില്ലെന്നും ഹെെക്കോടതി വിമർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.