ഈരാറ്റുപേട്ട : നഗര ഹൃദയത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്ന മഞ്ചാടിതുരുത്ത് വൃത്തിയാക്കി മലർവാടി ആക്കാനുള്ള ശ്രമത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു പറ്റം വിദ്യാർത്ഥികൾ.
മുട്ടം കവലയിലും ഇതേ നിലയിൽ പൂന്തോട്ടത്തിന്റെ നിർമാണം തുടങ്ങി. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായാണ് മഞ്ചാടിതുരുത്തിലും മുട്ടം കവലയിലും നിർമാണം നടത്തുന്നത്.ഒപ്പം മഞ്ചാടിതുരുത്തിൽ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മിനി പാർക്ക് കൂടി നിർമിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻഎസ്എസ് യുണിറ്റുകൾ ആണ് സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി മഞ്ചാടിതുരുത്തിനെ മലർവാടി ആക്കാൻ ഒരുങ്ങുന്നത്.
ഷാദി മഹൽ ഓഡിറ്റോറിയത്തിന് അടുത്ത് പാലത്തിനോട് ചേർന്നുള്ള നദീ തീരത്ത് ചെക്ക് ഡാമിനോട് ചേർന്നുള്ള ഭാഗം ആണ് മഞ്ചാടിതുരുത്ത് ആയി അറിയപ്പെടുന്നത്. വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറിയ ഈ പ്രദേശത്ത് മാലിന്യങ്ങളുടെ ദുർഗന്ധം നിറഞ്ഞ നിലയിലാണ്. ഇന്നലെ എൻഎസ്എസ് വോളന്റിയർമാരും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കൽ ആരംഭിച്ചു.തുടർന്ന് ചാമ്പ തോപ്പ്, പേര തോപ്പ്, പൂന്തോട്ടം എന്നിവ ഒരുക്കും. നദിയുടെ തീരത്ത് മുളകൾ നട്ടുപിടിപ്പിക്കും. രാവിലെയും വൈകുന്നേരങ്ങളിലും ഉൾപ്പടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിശ്രമിക്കാനുള്ള ഹരിതാഭ സ്ഥലമാക്കി മാറ്റാനാണ് ലക്ഷ്യം. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പൂഞ്ഞാർ എസ്എംവി സ്കൂൾ, ഈരാറ്റുപേട്ട എംഇഎസ് കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് മഞ്ചാടിതുരുത്തിൽ പദ്ധതി.
മുട്ടം കവലയിലെ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രത്തിന് സമീപം മൂന്നിലവ് സെന്റ് പോൾ സ്കൂളിലെ എൻഎസ്എസ് യുണിറ്റ് ആണ് സ്‌നേഹാരാമം പദ്ധതി ഭാഗമായി പൂന്തോട്ടം നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ശുചീകരണ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ ഖാദർ, വാർഡ് കൗൺസിലർമാരായ സുനിത ഇസ്മായിൽ, പിആർഎഫ് ഫൈസൽ, മുസ്ലിം ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ടീച്ചർ,
വിവിധ എൻഎസ്എസ് യുണിറ്റ് പ്രോഗ്രാം ഓഫിസർമാരായ ഫാ. എബി, അമ്പിളി ഗോപൻ, ശ്രീജ, ഹേമ, മുംതാസ്, ശുചിത്വ മിഷൻ പ്രതിനിധി അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണം രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഷെഫ്ന അമീൻ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.