തൃശ്ശൂർ: പോലീസ് ചമഞ്ഞ് സ്വർണവ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ.
എറണാകുളം നോർത്ത് പറവൂർ ഓലിയത്തുവീട്ടിൽ ബിനോയ് (52), നോർത്ത് പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻമോഹൻ (33), തൃശ്ശൂർ ചേറൂർ ചേർപ്പിൽ വീട്ടിൽ വിനീഷ്‌കുമാർ (45) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.
കേസിൽ മൂന്നുപേർകൂടി പിടിയിലാകാനുണ്ട്. വ്യാപാരിയുടെ സുഹൃത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്നാണ് തട്ടികൊണ്ടുപോകൽ ആസൂത്രണം ചെയ്തത്.സ്വർണാഭരണങ്ങൾ നിർമിക്കുന്നതിനുവേണ്ടി ഉരുക്കിയ 244 ഗ്രാം സ്വർണവുമായി കോഴിക്കോട്ടേക്ക് പോയിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരുകയായിരുന്നു.
നവംബർ 17-ന് വൈകീട്ട് ഏഴരയ്ക്കാണ് സംഭവം. തൃശ്ശൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോയിരുന്ന സ്വർണമാണ് പ്രതികൾ കവർന്നത്.
ആലുവ സ്വദേശി 51-കാരനായ വ്യാപാരി സ്വർണാഭരണവുമായി വരുന്നുണ്ടെന്ന് മനസ്സിലാക്കി ദിവാൻജിമൂലയിൽ കാത്തുനിന്ന പ്രതികൾ പോലീസുകാരാണെന്നമട്ടിൽ കവർച്ചനടത്തുകയായിരുന്നു.
ബാഗിൽ മയക്കുമരുന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും ഇവർ വ്യാപാരിയോടു പറഞ്ഞു. വിസമ്മതിച്ചപ്പോൾ വ്യാപാരിയെ മർദിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സ്വർണാഭരണങ്ങൾ കവർന്ന് വരാപ്പുഴ ഭാഗത്തെ റോഡരികിലാണ് ഉപേക്ഷിച്ചത്. തൃശ്ശൂർ-എറണാകുളം ജില്ലകളിലെ നൂറിൽപ്പരം സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികൾ എറണാകുളം പറവൂർ, പാലാരിവട്ടം എന്നിവിടങ്ങളിൽനിന്ന് പിടിയിലായത്.
സമീപകാലത്ത് നടന്ന സ്വർണം തട്ടിയെടുക്കൽ കേസുകളിലെല്ലാം പ്രതികൾ ആക്രമിക്കപ്പെട്ടവരുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടുതന്നെ വ്യാപാരിയുടെ നീക്കം കൃത്യമായി അറിയുന്നവർ തന്നെയാണ് പിന്നിലെന്ന് പോലീസിന് വ്യക്തമായിരുന്നു. റോഡിലെ നൂറിലേറെ ക്യാമറാദൃശ്യങ്ങളിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്.
പിടികൂടിയ പ്രതികളിൽനിന്നാണ് വ്യാപാരിയുടെ സുഹൃത്തും ബിസിനസിലെ പങ്കാളിയുമായിരുന്ന ആറാംപ്രതി വിനീഷ്‌കുമാറിലേക്കെത്തിയത്. പരാതിക്കാരൻ തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് സ്ഥിരമായി സ്വർണം കൊണ്ടുപോകുന്നുണ്ടെന്ന വിവരം വിനീഷ്‌കുമാറിന് അറിയാമായിരുന്നു.
അതു തട്ടിയെടുക്കാനായാണ് ക്വട്ടേഷൻ നൽകിയത്. തട്ടിക്കൊണ്ടുപോയി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പരാതിക്കാരൻ വിവരം ആദ്യം അറിയിച്ചത് വിനീഷ്‌കുമാറിനെയായിരുന്നു. പിറ്റേന്ന് വിനീഷ് കുമാറിനൊപ്പമെത്തിയാണ് ഈസ്റ്റ് പോലീസ്‌സ്റ്റേഷനിലെത്തി പരാതി നൽകിയത്.
കുറ്റകൃത്യം നടത്താൻ പദ്ധതിയിട്ടപ്പോൾത്തന്നെ പ്രതികൾ ഓൺലൈൻ സൈറ്റുകളിൽ ഓർഡർചെയ്ത് വയർലെസ് ഉപകരണങ്ങൾ വാങ്ങി. ഷാഡോ പോലീസുദ്യോഗസ്ഥർ കൈവശം കരുതുന്ന വയർലെസ് ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു ഇത്.
ഏതെങ്കിലും കാരണവശാൽ തട്ടിക്കൊണ്ടുപോകപ്പെടുന്നയാൾ ബലപ്രയോഗം നടത്തിയാൽ ഉപയോഗിക്കാനായി കുരുമുളക് സ്‌പ്രേയും ഇവർ കരുതിയിരുന്നു.
അറസ്റ്റിലായ പ്രതികളെല്ലാം മറ്റു കേസുകളിലും ഉൾപ്പെട്ടവരാണ്. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വ്യാജസ്വർണം പണയംവെച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസുകളിൽ പ്രതിയാണ് വിനീഷ്‌കുമാർ.
ഇയാൾക്കെതിരേ കുന്നംകുളം, വരന്തരപ്പിള്ളി, വെഞ്ഞാറമൂട് എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. പ്രതി മിഥുനെതിരേ അടിപിടി കേസുകളുമുണ്ട്.
തൃശ്ശൂർ എ.സി.പി.യുടെ ചുമതലയുള്ള സിറ്റി സി-ബ്രാഞ്ച് എ.സി.പി. കെ.എ. തോമസ്, ഈസ്റ്റ് പോലീസ്‌സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, സി.പി.ഒ.മാരായ എം.കെ. ജയകുമാർ, വി.എ. പ്രദീപ്, വൈശാഖ്‌രാജ്, വിനീഷ് ഭരതൻ,
ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, എ.എസ്.ഐ. സുദേവ്, സീനിയർ സി.പി.ഒ. പഴനിസ്വാമി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.