ഒല്ലൂര്‍: വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ നരഭോജിക്കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിനാണ് ശസ്ത്രക്രിയ. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതി നല്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കും.
കഴിഞ്ഞ ദിവസം കടുവയെ പുത്തൂരിലെത്തിച്ചപ്പോള്‍ തന്നെ പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മുഖത്തെ മുറിവ് എട്ട് സെന്റിമീറ്ററിലധികം ആഴമുണ്ടെന്ന് കണ്ടെത്തി. പരിക്ക് ഗുരുതരമായതിനാല്‍ കടുവയ്ക്ക് തീറ്റ എടുക്കുന്നതിന് ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.മറ്റ് മൃഗങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിലാകാം കടുവയുടെ മുഖഭാഗം തകര്‍ന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കാര്യമായ ക്ഷതമുണ്ട്. മൂക്ക്,വായ,പല്ലുകള്‍,താടിയെല്ല് ഇവയെല്ലാം തകര്‍ന്നിട്ടുണ്ട്. കടുവയ്ക്ക് കടുത്ത അവശതയും ക്ഷീണവുമുണ്ട്. പതിമൂന്നുവയസ്സ് കഴിഞ്ഞ കടുവയ്ക്ക് ഇരുനൂറ് കിലോയോളം ഭാരമുണ്ട്.
പുത്തൂരിലെത്തിച്ചശേഷം കടുവ തീറ്റയെടുത്തിട്ടില്ല. എങ്കിലും ദിവസേന രണ്ടു നേരമായി എട്ടു കിലോ മാംസം നല്‍കാനാണ് തീരുമാനം. വയനാട്ടില്‍നിന്ന് കൊണ്ടുവരുന്നതിനു തൊട്ടുമുന്‍പ് നാലു കിലോ ചിക്കന്‍ നല്‍കിയിരുന്നു.
പിടിയിലായ നേരം മുതല്‍ നേരിട്ട സമ്മര്‍ദവും കടുവയുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ട്. മുഖത്തെ മുറിവുകളില്‍ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്.
വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്ന കടുവ പത്താംദിവസമാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ക്ഷീരകര്‍ഷകനായ മരോട്ടിപറമ്പില്‍ പ്രജീഷിനെ കൊലപ്പെടുത്തിയതിന്റെ 200 മീറ്റര്‍ അകലെ ആട്ടിന്‍കുട്ടിയെ ഇരയാക്കി സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കടുവ കുടുങ്ങിയത്.
ഡിസംബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിക്കൊണ്ട് വാകേരി കൂടല്ലൂരിലെ കൃഷിത്തോട്ടത്തില്‍ പുല്ലരിയാനിറങ്ങിയ കര്ഷകന് പ്രജീഷിനെ കടുവകൊന്നത്. പ്രജീഷ് കൊല്ലപ്പെട്ട് രണ്ടാംനാള്‍ സംസ്കാരം കഴിഞ്ഞതിനുപിന്നാലെ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങിയ ദൗത്യമാണ് ദിവസങ്ങള്‍ക്കുശേഷം വിജയംകണ്ടത്.
കടുവ കൂട്ടില്‍ കുടുങ്ങാതെ, തിരച്ചില്‍സംഘത്തിന്റെ തോക്കിന്‍പരിധിയില്‍പ്പെടാതെ വനംവകുപ്പിനെ വട്ടംകറക്കി നടക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഒരു നാടിനെ ഭീതിയിലാഴ്ത്തിയ കടുവ കൂടല്ലൂര്‍ കോളനിക്കവലയില്‍ കാപ്പിത്തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. പത്തുദിവസമെടുത്തെങ്കിലും ഒരു നാടിന്റെ മുഴുവന്‍ ഭയമാണ് കടുവ കൂട്ടിലായതോടെ ഇല്ലാതായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.